Asianet News MalayalamAsianet News Malayalam

ക്രൂഡ് ഓയിലിന്റെ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കണം: ഉപരാഷ്ട്രപതി

പെട്രോളിയത്തിന്റെ ആഭ്യന്തര പര്യവേക്ഷണം വർധിപ്പിക്കാനും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ സാധ്യതകൾ മുഴുവനായി പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു

Vice President M Venkaiah Naidu calls for ensuring increased indigenous production of crude oil
Author
Visakhapatnam, First Published Jan 21, 2022, 9:14 PM IST

ദില്ലി: അസംസ്‌കൃത എണ്ണയുടെ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിച്ച് രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഇതിനായി ശക്തമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഊർജ ആവശ്യത്തിൽ സ്വാശ്രയത്വം കൈവരിക്കാനാണ് ഉപരാഷ്ട്രപതിയുടെ ആഹ്വാനം.

പെട്രോളിയത്തിന്റെ ആഭ്യന്തര പര്യവേക്ഷണം വർധിപ്പിക്കാനും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ സാധ്യതകൾ മുഴുവനായി പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. ഊർജ്ജ വ്യവസായ രംഗത്ത് നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
നിലവിൽ ലോകത്ത് അസംസ്കൃത എണ്ണയുടെ മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. 80 ശതമാനത്തിലധികം ആവശ്യങ്ങൾക്കും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. അതിനാൽ തന്നെ ഉൽപ്പാദനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജിയുടെ (ഐഐപിഇ) ആദ്യ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇന്ത്യയുടെ പ്രാഥമിക ഊർജ ആവശ്യം 2045 വരെ ശരാശരി മൂന്ന് ശതമാനത്തിൽ കൂടുതലായി വളരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ഊർജ ആവശ്യം ഒരു ശതമാനത്തിൽ കുറവാണ്. പെട്രോളിയം മേഖലയിൽ നൈപുണ്യമുള്ള മനുഷ്യ വിഭവശേഷിയുടെ വിടവ് നികത്താനും, അക്കാദമിക സ്ഥാപനങ്ങളും വ്യവസായവുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാനും ഉപരാഷ്ട്രപതി ഐഐപിഇയോടും മറ്റ് ഊർജ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലിയും ചടങ്ങിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios