ദില്ലി: കൊറോണ പകർച്ചവ്യാധി മൂലം ഉപഭോഗത്തിലുണ്ടായ കുറവ് കാരണം രാജ്യത്തെ മെയ് മാസത്തെ മൊത്ത വിലകളിൽ 3.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്ത വില സൂചികയുടെ (ഡബ്ലിയുപിഐ) ഏപ്രിലിലെ കണക്കുകൾ ലഭ്യമല്ലെങ്കിലും കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.79 ശതമാനമായിരുന്നു.

പ്രധാന വിഭാഗങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയ് മാസത്തിൽ 1.13 ശതമാനമായിരുന്നു. എന്നാൽ, ഈ വിഭാഗത്തിലെ പച്ചക്കറി വില 12.48 ശതമാനം ഇടിഞ്ഞു. പയറുവർഗങ്ങൾ ഉയർന്ന പണപ്പെരുപ്പ നിരക്കിൽ തുടർന്നു. മെയ് മാസത്തിൽ ഇത് 11.91 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 12.31 ശതമാനമായിരുന്നു.

ഭക്ഷ്യ വിഭവങ്ങളിൽ പ്രധാന ഇനമായ ഉരുളക്കിഴങ്ങിന് പണപ്പെരുപ്പം 59.40 ശതമാനത്തിൽ നിന്ന് 52.2 ശതമാനമായി കുറഞ്ഞു.

മെയ് മാസത്തിലെ മൊത്തത്തിലുള്ള സിപിഐ നമ്പറുകൾ പുറത്തുവിട്ടിട്ടില്ല, പക്ഷേ ഭക്ഷ്യവിലക്കയറ്റം ഒമ്പത് ശതമാനം കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. 

ആഗോള അസംസ്കൃത ക്രൂഡ് വില കുറഞ്ഞെങ്കിലും, രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടായില്ല. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി ചുമത്തിയത് കാരണം നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണ്. ഇത് പണപ്പെരുപ്പത്തിനുളള സാധ്യത വർധിപ്പിക്കുന്നു.