ന്യൂയോർക്ക്: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 3.2 ശതമാനം സങ്കോചമുണ്ടാകുമെന്ന് ലോക ബാങ്ക്. കോവിഡ് -19 പകർച്ചവ്യാധിയു‌ടെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക ബാങ്ക് അതിന്റെ ഏറ്റവും പുതിയ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ആഴത്തിലുള്ള മാന്ദ്യമാണിതെന്ന് ലോകബാങ്ക് വ്യക്തമാക്കി.

പകർച്ചവ്യാധി, ബിസിനസ് ലോക്ക്ഡൗണുകൾ എന്നിവയെക്കുറിച്ചുള്ള അനിശ്ചിതത്വം കൂടുതൽ കാലം നിലനിൽക്കുകയാണെങ്കിൽ പ്രവചനങ്ങൾ താഴേക്ക് പരിഷ്കരിക്കുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. 

2020 ൽ വികസിത സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വളർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥ 2.5 ശതമാനം ചുരുങ്ങുമെന്നും 1960 ൽ മൊത്തം ഡാറ്റ ലഭ്യമായതിന് ശേഷമുള്ള ആദ്യത്തെ പ്രതിസന്ധിയുടെ അവസ്ഥയാണിതെന്നും ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. പ്രതിശീർഷ ജിഡിപി അടിസ്ഥാനത്തിൽ ആഗോള സങ്കോചം 1945 -46 ന് ശേഷമുളള ഏറ്റവും അപകടകരമായ സ്ഥിതിയിലാണെന്നും ലോക ബാങ്ക് അഭിപ്രായപ്പെട്ടു.