ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം(ജിഡിപി) 9.6 ശതമാനം കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. കൊവിഡ് മൂലമുണ്ടായ ലോക്ക്ഡൗണ്‍ ഗാര്‍ഹിക വരുമാനത്തിലും വ്യാവസായിക വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയെന്നും എക്കാലത്തെയും മോശമായ സാഹചര്യത്തിലാണ് ഇന്ത്യയെന്നും ലോകബാങ്ക് വ്യക്തമാക്കി. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മേഖലയുടെ സാമ്പത്തിക വളര്‍ച്ച 7.7 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപിയില്‍ 9.6 ശതമാനം കുറവുണ്ടാകും. മേഖലയിലെ ആളോഹരി വരുമാനം കണക്കുകൂട്ടിയതിലും ആറ് ശതമാനം താഴെയായിരിക്കും. ഇന്ത്യ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകബാങ്ക് സൗത്ത് ഏഷ്യ ചീഫ് എക്കണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ പറഞ്ഞു. രാജ്യത്ത് അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനം രാജ്യത്തെ ഡിമാന്റ്, സപ്ലൈ മേഖലയെ പ്രതികൂലമായി ബാധിച്ചു. ലോക്ക്ഡൗണ്‍ 70 ശതമാനം സാമ്പത്തിക ഇടപാടുകളെയും മരവിപ്പിച്ചു. ഭക്ഷ്യമേഖലയടക്കമുള്ള അത്യാവശ്യ മേഖല മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ലോകബാങ്ക് നിരീക്ഷിച്ചു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 24 ശതമാനം കുറവായിരുന്നു ഇന്ത്യയുടെ വളര്‍ച്ച.