കൊവിഡ് 19 എൽപ്പിച്ച സാമ്പത്തികാഘാതം സ്വർണത്തിന്റെ വില്പനയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സ്വർണാഭരണ വ്യാപാരികൾ. വിപണികൾ തുടർച്ചയായി മൂന്ന് മാസം അടച്ചിട്ടത് ആ‌ഭരണ നിർമാണ മേഖലയ്ക്ക് വലിയ പ്രഹരമായിരുന്നു. സ്വർണത്തിന്റെ വിപണി വില ഉയർന്നതും വിൽപ്പന ഇടിവിന് കാരണമായി. 

"ഈ വർഷം ജനുവരി മുതലുളള കണക്കുകൾ പ്രകാരം 252 ടൺ സ്വർണമാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. മുൻ വർഷത്തെ സമാനകാലയളവിൽ 496 ‌ടൺ സ്വർണ വിൽപ്പന ന‌ടന്ന സ്ഥാനത്താണ് ഈ ഇടിവ്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപനയാണിത്. തുടർന്ന് ഇതിലും താഴാനാണ് സാധ്യതയെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ, "ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

ഇന്ത്യയിൽ ശരാശരി നല്ല വില്പനയുള്ള വർഷങ്ങളിലെ ഒരുമാസത്തെ സ്വർണ വില്പന 80 -100 ടൺ സ്വർണമാണ്. 2019 ൽ 696 ടൺ സ്വർണമാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. ദീപാവലി സീസണിൽ വലിയൊരു വില്പന ഉണ്ടായില്ലെങ്കിൽ ഇത്തവണ ഇതിന്റെ പകുതിയിലേക്ക് നിരക്ക് കൂപ്പുകുത്തുമെന്നാണ് ധനകാര്യ രം​ഗത്തെ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ദീർഘകാല വർദ്ധനവ് തുടർന്നേക്കും

"ആഗോള സ്വർണ വിൽപനയിലും വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ- സെപ്റ്റംബർ കാലയളവിൽ 892.3 ടൺ സ്വർണമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞവർഷം സമാനകാലയളവിൽ ഇത് 1062 ടൺ സ്വർണമായിരുന്നു. ഓഗസ്റ്റിൽ അന്താരാഷ്ട്ര സ്വർണ വില എക്കാലത്തെയും ഉയർന്ന വിലനിലവാരമായ 2081 ഡോളറിലെത്തിയതിന് ശേഷം 1875 ഡോളറിലേക്ക് തിരിച്ചിറങ്ങിയതാണ് വില്പന കുറയാൻ കാരണമായത്, "അബ്ദുൽ നാസർ കൂട്ടിച്ചേർത്തു. 

2020ൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വൻ ഒഴുക്കുണ്ടായെങ്കിലും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് സ്വർണ വില ദീർഘകാല വർദ്ധനവ് തുടർന്നേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തു വരുന്നത്. ദക്ഷിണാഫ്രിക്കയടക്കമുള്ള ഖനികളിലെ ഉൽപാദനം മൂന്ന്  ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

2010ന് ശേഷം ആദ്യമായി ഉസ്ബക്കിസ്ഥാൻ 34.9 ടൺ സ്വർണം വിറ്റഴിച്ചു. തുർക്കി 22.3 ടൺ സ്വർണമാണ് വിറ്റഴിച്ചത്. റഷ്യൻ സെൻട്രൽ ബാങ്കും സ്വർണം വിറ്റഴിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം യു.എ.ഇ 7.4 ടൺ ഇന്ത്യ 6.8 ടൺ, ഖത്തർ 6.2 ടൺ, കിർഗിസ്ഥാൻ 5 ടൺ ,കസഖ്സ്ഥാൻ 4.9 ടൺ, കംബോഡിയ 1 ടൺ എന്നിങ്ങനെ 6 സെൻട്രൽ ബാങ്കുകൾ 33 ടൺ സ്വർണം വാങ്ങിക്കൂട്ടിയതായി വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.

2019 ൽ സെൻട്രൽ ബാങ്കുകളുടെ ശേഖരത്തിലേക്ക് 141.9 sൺ സ്വർണം ചേർത്തെങ്കിലും ഈ വർഷം 12.1 ടൺ സ്വർണത്തിന്റെ കുറവാണ് പ്രസ്തുത ശേഖരത്തിലുണ്ടായത്.