ലഖ്നൗ: യുപിയിലെ ചെറുകിട-ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയൊരുക്കാന്‍ ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനായി അടുത്ത മാസം വമ്പന്‍ വെര്‍ച്വല്‍ എക്‌സിബിഷനാണ് ഒരുക്കുക. 50 രാജ്യങ്ങളിലെ ബിസിനസുകാരിലേക്ക് സംസ്ഥാനത്തെ ബിസിനസ് സംരംഭങ്ങളെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 

ഇതിന് പുറമെ ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയും പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്ത് തദ്ദേശീയമായി നിര്‍മ്മിക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രോത്സാഹനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാളാണ് വെര്‍ച്വല്‍ എക്‌സിബിഷന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്. വിവിധ കാറ്റഗറികളിലായി 25000 സ്റ്റാളുകളാണ് എക്‌സിബിഷനില്‍ ഒരുക്കുക.

റീട്ടെയ്ല്‍-ഹോള്‍സെയ്ല്‍ വില്‍പ്പനയ്ക്കും വാങ്ങലിനും ഇതില്‍ അവസരം ഉണ്ടാകും. കാന്‍പൂരിലെയും ആഗ്രയിലെയും ലെതര്‍ ചെരുപ്പുകള്‍, കനൗജിലെ സുഗന്ധ ദ്രവ്യങ്ങള്‍, ഗോരഖ്പൂറിലെ ടെറക്കോട്ട, വാരണാസിയിലെ സില്‍ക്, ബദോഹിയില്‍ നിന്നുള്ള കാര്‍പെറ്റ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ അണിനിരക്കും. 2017-18 കാലത്ത് സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി 89000 കോടിയായിരുന്നു.

എന്നാല്‍ 2018 ല്‍ ആരംഭിച്ച ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി വന്‍ നേട്ടമാണ് സംസ്ഥാനത്തിന് നേടിക്കൊടുത്തത്. കയറ്റുമതി ഒരൊറ്റ വര്‍ഷം കൊണ്ട് 1.14 ലക്ഷം കോടിയായി ഉയര്‍ന്നു. 28 ശതമാനം വളര്‍ച്ചയായിരുന്നു നേടിയത്. കൊവിഡ് സാഹചര്യം മൂല്യം വിപണിയില്‍ ഉണ്ടായ പിന്നോക്കാവസ്ഥ  മറികടക്കാനാണ് ഇപ്പോള്‍ വെര്‍ച്വല്‍ എക്‌സിബിഷന്‍ ഒരുക്കുന്നത്.