Asianet News MalayalamAsianet News Malayalam

റഷ്യന്‍ ക്രൂഡ് ഓയിലിന് ഡിസ്‌കൗണ്ട് വില; ചാടി വീണ് ഇന്ത്യന്‍ കമ്പനികള്‍, വേണ്ടെന്ന് റിലയന്‍സ്

റഷ്യന്‍ ക്രൂഡോയില്‍ വാങ്ങിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന കമ്പനികളും രാജ്യങ്ങളും പിന്നാക്കം പോയതോടെ വലിയ ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ ഇവരുടെ ക്രൂഡോയില്‍ വില്‍ക്കപ്പെടുന്നത്.  കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 30 ലക്ഷം ബാരല്‍ ക്രൂഡോയില്‍ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു.
 

Indian oil companies buying crude oil from India despite US sanctions
Author
New Delhi, First Published Mar 19, 2022, 2:16 PM IST | Last Updated Mar 19, 2022, 2:16 PM IST

ദില്ലി: അമേരിക്ക (America) ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് റഷ്യ (Russia) വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ (Crude oil) വില്‍ക്കാന്‍ തീരുമാനിച്ചതോടെ ചാടി വീണിരിക്കുകയാണ് ഇന്ത്യന്‍ കമ്പനികള്‍. ഏറ്റവും കുറഞ്ഞ വില്ക്ക് കിട്ടുന്ന ക്രൂഡോയില്‍ വാങ്ങി ചെലവ് ചുരുക്കുക എന്ന ലക്ഷ്യമാണ് ഐഒസി അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിക്കുന്നത്. എച്ച്പിസിഎല്‍, മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവരാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങിയിരിക്കുന്നത്. എച്ച്പിസിഎല്‍ 20ലക്ഷം ബാരലാണ് വാങ്ങിയത്. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ യൂറോപ്പിലെ വിതരണക്കാരായ വൈറ്റല്‍ വഴിയാണ് ഇന്ത്യന്‍ കമ്പനികള്‍ ക്രൂഡ് ഓയില്‍ വാങ്ങിയത്. മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് എതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറ്റൊരര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപകാരപ്പെടുകയാണ്. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന കമ്പനികളും രാജ്യങ്ങളും പിന്നാക്കം പോയതോടെ വലിയ ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ ഇവരുടെ ക്രൂഡോയില്‍ വില്‍ക്കപ്പെടുന്നത്.  കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 30 ലക്ഷം ബാരല്‍ ക്രൂഡോയില്‍ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. ബാരലിന് 20 മുതല്‍ 25 ഡോളര്‍ വരെ വില കുറച്ചാണ് ഐഒസിക്ക് വൈറ്റല്‍ ക്രൂഡോയില്‍ വിറ്റത്. മെയ് മാസത്തേക്കുള്ള പ്രീ ബുക്കിങ് ആണ് ഇന്ത്യന്‍ കമ്പനികള്‍ നടത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ കുറഞ്ഞ നിരക്കിലുള്ള ക്രൂഡോയില്‍ മെയ് മാസത്തില്‍ മാത്രമേ ഇന്ത്യയിലെത്തുകയുള്ളൂ.

 അമേരിക്കയില്‍ വലിയ നിക്ഷേപമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സ് കയ്യില്‍ ഇരിക്കുമ്പോഴും കുറഞ്ഞ നിരക്കിലുള്ള ക്രൂഡോയില്‍ വാങ്ങിക്കാന്‍ തയ്യാറല്ല. റഷ്യയുമായുള്ള സാമ്പത്തിക ഇടപാട് അമേരിക്കയിലെ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലാണ് റിലയന്‍സിന്. ഐഒസി ഇതാദ്യമായല്ല റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത്. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് അധികമായതിനാല്‍ ഐഒസി കൂടുതല്‍ ക്രൂഡോയില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നില്ല. എന്നാല്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ ലഭിക്കുന്നത് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് വലിയ ആശ്വാസമാണ്. അതിനാലാണ് രാജ്യത്തിന് ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങിക്കുവാന്‍ പൊതുമേഖലാ കമ്പനികള്‍ രംഗത്ത് വന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios