ദില്ലി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ കടലാസുകളില്‍ മാത്രം നിലനില്‍ക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാറിന്റെ നീക്കം.

2013-2014, 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്ക് കഴിഞ്ഞ മാസം മുതല്‍ തന്നെ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പനി രജിസ്ട്രാറുടെ പക്കലുള്ള രാജ്യത്തെ മുഴുവന്‍ കമ്പനികളുടെയും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. ഇവര്‍ക്ക് ഇനിയും 30 ദിവസത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഇത്തരം കമ്പനികളുടെയും അതിന്റെ ഡയറക്ടര്‍മാരുടെയും വിവരങ്ങള്‍ പരസ്യമാക്കാനാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ്, റിസര്‍വ് ബാങ്ക്, മറ്റ് ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറുകയും ചെയ്യും. ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്ക് 'ഡോര്‍മന്റ്' സ്റ്റാറ്റസ് അനുവദിക്കുമെങ്കിലും വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയിട്ടുള്ളത്.