രാജ്യത്ത് നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി സമാഹരിച്ച 26,000 കോടി രൂപയില്‍ 5,000 കോടി രൂപ അപ്രത്യക്ഷമായെന്ന് സുപ്രീംകോടതി. ഈ തുക എവിടെപോയെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാത്തത് ഞെട്ടിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിനോട് ഈ പണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് രാജ്യത്ത് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വേണ്ടി സമാഹരിച്ച 26,000 കോടി രൂപയുടെ വിനിയോഗത്തില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചത്. 26,000 കോടി രൂപയില്‍ ഇതുവരെ 5000 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. പക്ഷെ, എവിടെ ചിലവാക്കി, എങ്ങനെ ചിലവാക്കി, ആര്‍ക്ക് നല്‍കി എന്നൊന്നും വ്യക്തമല്ല. തൊഴിലാളികളിലേക്ക് പണം എത്തിയിട്ടില്ല. തൊഴിലാളികള്‍ക്ക് ചായയോ, ഭക്ഷണമോ വാങ്ങിനല്‍കാന്‍ ഉപോയോഗിച്ചതായും പറയുന്നില്ല. ഇത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. 

തൊഴിലാളികളുടെ ക്ഷേമത്തിനായി 26,000 കോടി രൂപ സമാഹരിച്ചത് സ്ഥിരീകരിച്ച കേന്ദ്ര സര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് വാദിച്ചു. അതുകൊണ്ട് പണം എങ്ങനെ വിനിയോഗിച്ചുവെന്ന് അറിയില്ല എന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി. ഇത് പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനോട് ഇക്കാര്യം പരിശോധിച്ച് മെയ് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട തൊഴിലാളികളിലേക്ക് എത്തേണ്ട പണം നേതാക്കളുടെ പോക്കറ്റിലേക്കും, അവരുടെ പ്രചരണത്തിനുമായി വിനിയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാഷണല്‍ കാംപയിന്‍ കമ്മിറ്റി ഫോര്‍ കണ്‍സ്ട്രക്ഷന്‍ ലേബേഴ്സ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.