ഐബിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് വാല്യൂ ആന്‍ഡ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പഠനം പുറത്ത്

ദില്ലി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് മുതല്‍ക്കൂട്ടാവുമ്പോഴും, സാമ്പത്തിക പരാധീനതയിലും ആശയങ്ങളുടെ കോപ്പിയടി കൊണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. സ്റ്റാര്‍ട്ടപ്പുകളായി അവതരിപ്പിക്കപ്പെടുന്നവ പലപ്പോഴും യൂറോപ്യന്‍ ആശയങ്ങളുടെ ഇന്ത്യ (യൂറോപ്യന്‍ ക്ലോണ്‍) രൂപമാണെന്ന ആരോപണം നിക്ഷേപകരെ അകറ്റുന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രശ്നമാകുന്നത്.

ഇത്തരത്തില്‍ നിക്ഷേപകരെ കിട്ടാതാവുന്നതോടെ സാമ്പത്തിക പരാധീനതയില്‍ മുങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് താമസിയാതെ കര്‍ട്ടനും വീഴുന്നു. എന്നാല്‍, മികച്ച ആശയ പിന്‍ബലമുളളവയ്ക്കും സമൂഹത്തില്‍ വളര്‍ന്നുവരുന്ന യൂറോപ്യന്‍ ക്ലോണ്‍ പ്രചാരണം അപകടമാകുന്നുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സ്റ്റാര്‍ട്ടപ്പുകള്‍. എന്നാല്‍, തൊഴില്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക അടിത്തറ സുരക്ഷിതമല്ലെങ്കില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഭാവിയും പ്രശ്നത്തിലാവും.

ഐബിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് വാല്യൂ ആന്‍ഡ് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും അഞ്ച് വര്‍ഷത്തിനുളളില്‍ പൂട്ടിപ്പോകുന്നതായി പറയുന്നു. പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് പുതിയ ആശയങ്ങളുടെ കുറവാണ്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റാമായാണ് അറിയപ്പെടുന്നത്. എണ്ണം കൊണ്ട് വലുതായിരിക്കുമ്പോളും വിജയ്ക്കുന്ന സംരംഭങ്ങളുടെ കാര്യത്തില്‍ പിന്നിലാണ്. ഇന്ത്യയിലെ 77 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകരെ ലഭിക്കാന്‍ വിഷമിക്കുകയാണ്.