തപാല്‍ ബാങ്ക് എന്നാല്‍ 'ജനങ്ങളുടെ സ്വന്തം ബാങ്ക്'

https://static.asianetnews.com/images/authors/ca816dd4-3b45-5248-b14f-cd8affe9e99e.jpg
First Published 12, Sep 2018, 5:51 PM IST
a detailed report on India post payment bank formed by India post
Highlights

പെയ്മെന്‍റ്സ് ബാങ്കുകളുടെ ലൈസന്‍സ് അനുസരിച്ച് നിക്ഷേപ പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍, പോസ്റ്റാഫീസ് സേവിങ്സ് ബാങ്കുമായി നിങ്ങളുടെ പോസ്റ്റ് പേയ്മെന്‍റ്സ് അക്കൗണ്ട് ലിങ്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപയെന്ന എന്ന പരിധി പിന്നീട് ബാധകമാകില്ല. 

'പണം ആവശ്യമുളളപ്പോള്‍ ബാങ്ക് തന്നെ നിങ്ങളുടെ വീട്ടിലെത്തിയാല്‍ എങ്ങനെയുണ്ടാവും, അതും നിസാരമായ സര്‍വ്വീസ് ചാര്‍ജ്ജ് മാത്രം ഈടാക്കി സേവനം ലഭ്യമാക്കുക കൂടി ചെയ്താലോ?' പറഞ്ഞു വരുന്നത് സങ്കല്‍പ്പമല്ല. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിനെക്കുറിച്ചാണ്.

ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിനെ (ഐപിപിബി) രാജ്യത്തിന് സമര്‍പ്പിച്ച സെപ്റ്റംബര്‍ ഒന്ന് ശരിക്കും ആധുനിക ഇന്ത്യന്‍ ബാങ്കിംഗ് വിപ്ലവത്തിന്‍റെ ഒന്നാം ദിവസമായിരുന്നു. പോസ്റ്റ് ബാങ്കിന്‍റെ സേവനങ്ങളെപ്പറ്റിയും പ്രത്യേകതകളെക്കുറിച്ചു കൂടുതല്‍ അടുത്തറിയാം.

നിങ്ങള്‍ക്കായുളള സേവനങ്ങള്‍

പ്രധാനമായും രണ്ട് തരം ബാങ്ക് അക്കൗണ്ടുകളാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കില്‍ (ഐപിപിബി) തുടങ്ങാന്‍ കഴിയുക.

സേവിങ്സ് ബാങ്ക് അക്കൗണ്ടും കറന്‍റ് അക്കൗണ്ടും 

സാധാരണക്കാര്‍ക്ക്: ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിന്‍റെ ശാഖകള്‍, തെരഞ്ഞടുത്ത പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് സേവിങ്സ് അക്കൗണ്ട് തുടങ്ങി നിങ്ങള്‍ക്ക് പോസ്റ്റ് ബാങ്ക് നെറ്റ്‍വര്‍ക്കിന്‍റെ ഭാഗമാകാം. അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ പ്രായം 10 വയസ്സാണ്. 

അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമായവ: ആധാര്‍ നമ്പര്‍, കുറഞ്ഞ തുക: 100 രൂപ.

കൂടിയ നിക്ഷേപത്തുക ഒരു ലക്ഷം രൂപയാണ്. സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനം പലിശയും ലഭിക്കും. തപാല്‍ ബാങ്കിന്‍റെ പ്രധാന സവിശേഷത പേപ്പര്‍ലെസ് ബാങ്കിങ് ആണ്. അക്കൗണ്ട് തുറക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ക്യൂആര്‍ കാര്‍ഡാണ് ലഭിക്കുക. സേവിങ്സ് അക്കൗണ്ടിന് മിനിമം ബാലന്‍സ് നിബന്ധന ഇല്ല.

കച്ചവടക്കാര്‍ക്ക്: പ്രധാനമായും വ്യാപാരികളെയും വ്യവസായികളെയും ലക്ഷ്യവെച്ചാണ് ഐപിപിബി കറന്‍റ് അക്കൗണ്ട് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ട് തുടങ്ങാനുളള കുറഞ്ഞ തുക: 1,000 രൂപ. മിനിമം ബാലന്‍സ് 1,000 രൂപ. സേവിങ്സ് അക്കൗണ്ട് പോലെ തന്നെ കൂടിയ നിക്ഷേപം ഒരു ലക്ഷം രൂപയാണ്.

ക്യൂആര്‍ കാര്‍ഡ് സേവനം സൗജന്യമായി ലഭിക്കും

പോസ്റ്റ് ബാങ്ക് ആകര്‍ഷിക്കുക ഇങ്ങനെയെക്കെ

ബാങ്ക് വീട്ടുപടിക്കലെത്തും: പോസ്റ്റ് ബാങ്കിന്‍റെ ഏറ്റവും വലിയ സവിശേഷത ഡോര്‍ സ്റ്റെപ് ബാങ്കിങ് ആണ്. നിങ്ങള്‍ക്ക് പണം ആവശ്യമുളളപ്പോള്‍ പോസ്റ്റുമാന്‍ നിങ്ങളുടെ കൈയില്‍ അത് സുരക്ഷിതമായി എത്തിക്കുന്ന തരത്തിലാണ് ഡോര്‍ സ്റ്റെപ് ബാങ്കിങ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് ചെറിയ സര്‍വ്വീസ് ചാര്‍ജ്ജും ബാങ്ക് ഇടാക്കും. പണം പിന്‍വലിക്കുന്നതിനൊപ്പം നിക്ഷേപിക്കാനും വിട്ടുപടിക്കല്‍ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കഴിയും. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഓരോ ഇടപാടുകള്‍ക്കും 25 രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജ്. ഐപിപിബിയുടെ മറ്റ് സേവനങ്ങള്‍ വിട്ടുപടിക്കല്‍ ലഭ്യമാവാന്‍ ഓരോ ഇടപാടുകള്‍ക്കും 15 രൂപയാണ് നിരക്ക്. രാജ്യത്തെ മൂന്ന് ലക്ഷം വരുന്ന തപാല്‍ ജീവനക്കാരെയാണ് വാതില്‍പ്പടി സേവങ്ങള്‍ക്കായി ഐപിപിബി ഉപയോഗിക്കുക.

മൊബൈല്‍ ബാങ്കിങ്: മിസ്ഡ് കോള്‍ ബാങ്കിങ്, എസ്എംഎസ് ബാങ്കിങ്, ഇന്‍റര്‍ ആക്ടീവ് വോയ്സ് റെസ്പോണ്‍സ്, കോള്‍ സെന്‍റര്‍ സേവനങ്ങള്‍ തുടങ്ങി മൊബൈല്‍ ബാങ്കിങിന്‍റെ എല്ലാ സാധ്യതകളും നിങ്ങളുടെ ഉള്ളം കൈയിലെത്തും. 

ക്യൂആര്‍ കോഡ്: സേവിങ്സ് ബാങ്ക്, കറന്‍റ് അക്കൗണ്ട് തുടങ്ങിയവ ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് സൗജന്യമായി ക്യൂആര്‍ കാര്‍ഡ് ലഭിക്കും. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത ക്യൂആര്‍ കാര്‍ഡ് (ക്വിക് റെസ്പോണ്‍സ് കാര്‍ഡ്) സേവനമാണ്. ക്യൂആര്‍ കാര്‍ഡ് ഉപയോഗിച്ച് പോസ്റ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്‍റ്, ഷോപ്പിങ്, ഹോട്ടല്‍ ബുക്കിങ് എന്നിവ നടത്താം. ക്യൂആര്‍ കാര്‍ഡ് പ്രവര്‍ത്തിക്കുക ബയോമെട്രിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയാണ്. 

ക്യൂആര്‍ കാര്‍ഡ് സേവനം ലഭ്യമായതിനാല്‍ നിങ്ങളുടെ പോസ്റ്റ് ബാങ്ക് അക്കൗണ്ടിനെ സംബന്ധിച്ച പാസ്‍വേഡോ അക്കൗണ്ട് നമ്പരോ മറന്നുപോയാലും ഒരിക്കലും സേവനം തടസ്സപ്പെടില്ല.

ബയോമെട്രിക്ക് ആയതിനാല്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും അക്കൗണ്ട് സുരക്ഷിതമായിരിക്കും 

ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട്: 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഐപിപിബിയുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഡിജിറ്റല്‍ അക്കൗണ്ട് തുടങ്ങാം. ആധാര്‍, പാന്‍ നമ്പരുകള്‍ അത്യാവശ്യം. 

പോസ്റ്റാഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് ലിങ്കിങ്: പെയ്മെന്‍റ്സ് ബാങ്കുകളുടെ ലൈസന്‍സ് അനുസരിച്ച് നിക്ഷേപ പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍, പോസ്റ്റാഫീസ് സേവിങ്സ് ബാങ്കുമായി നിങ്ങളുടെ പോസ്റ്റ് പേയ്മെന്‍റ്സ് അക്കൗണ്ട് ലിങ്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപയെന്ന എന്ന പരിധി പിന്നീട് ബാധകമാകില്ല. നിങ്ങള്‍ക്ക് പോസ്റ്റ് ബാങ്കില്‍ പരിധികളില്ലാതെ പണനിക്ഷേപം നടത്താമെന്ന് സാരം.

മറ്റ് സേവനങ്ങള്‍: മലയാള ഭാഷയില്‍ ഉപഭോക്തൃ സേവനം, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, വൈദ്യുതി അടക്കമുളള വിവിധ ബില്ലുകള്‍ നേരിട്ട് അടയ്ക്കാനുളള സൗകര്യം, ആര്‍ടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് മാര്‍ഗങ്ങളിലൂടെ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുളള സൗകര്യങ്ങള്‍ എന്നിവ ഐപിപിബിലൂടെ ലഭ്യമാണ്. 

പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് കേരളത്തില്‍

സംസ്ഥാനത്ത് 14 ശാഖകളാണ് ഐപിപിബി ആരംഭിച്ചിരിക്കുന്നത്. ഈ ശാഖകള്‍ക്ക് പുറമേ തപാല്‍ വകുപ്പിന്‍റെ സംസ്ഥാനത്തെ 74 ഓഫീസുകളില്‍ ബാങ്കിന്‍റെ അക്സസ് പോയിന്‍റുകളായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലക്കാര്‍ക്കും സേവനം ലഭ്യമാവത്തക്ക രീതിയിലാണ് ഐപിപിബി ശാഖകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശ്ശൂര്‍, പാലക്കാട്, പെരുന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നിവയാണ് കേരളത്തിലെ ഐപിപിബി ശാഖകള്‍. എറണാകുളം ജില്ലയില്‍ ഒന്‍പതും മറ്റ് ജില്ലകളില്‍ അഞ്ച് വീതവും അക്സസ് പോയിന്‍റുകളാണ് പൊതുജനത്തിന് സേവനം ലഭിക്കുന്നതിനായി ഐപിപിബി ആരംഭിച്ചിരിക്കുന്നത്. 

ലേറ്റായി വന്താലും ലേറ്റസ്റ്റായി പോസ്റ്റ് ബാങ്ക്

2015 ഓഗസ്റ്റിലാണ് റിസര്‍വ് ബാങ്ക് പേയ്മെന്‍റ്സ് ബാങ്ക് തുടങ്ങാന്‍ 11 സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇസാഫ്, എയര്‍ടെല്‍, പേടിഎം എന്നിവര്‍ ബാങ്ക് സേവനരംഗത്തേക്ക് എത്തി. എന്നാല്‍, അനുമതി ലഭിച്ച തപാല്‍ വകുപ്പ് രണ്ട് ശാഖകളുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. മാസങ്ങള്‍ നീണ്ട ട്രയല്‍ റണ്ണിന് ശേഷം 2018 സെപ്റ്റംബര്‍ ഒന്നിന് പോസ്റ്റ് ബാങ്ക് ജനങ്ങളിലേക്കെത്തി.

ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് 

പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക് (ഐപിപിബി) സേവനം പൂര്‍ണ്ണതോതിലാവുന്നതോടെ ബാങ്കിന്‍റെ സാന്നിധ്യം 1,55,000 തപാല്‍ ഓഫീസുകളിലേക്ക് വ്യാപിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31 ന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി പോസ്റ്റ് ബാങ്ക് മാറുകയും ചെയ്യും. പോസ്റ്റ് ബാങ്ക് വികസനം പൂര്‍ത്തിയാവുന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യമെന്ന ബഹുമതിയും ഇന്ത്യയെ തേടി എത്തിയേക്കും.

വിവിധ ബാങ്കുകളുടേതായി നിലവില്‍ 1,40,000 ബാങ്ക് ശാഖകളാണ് രാജ്യത്തുളളത് 

പോസ്റ്റ് ബാങ്കിന്‍റെ പൂര്‍ണ്ണതോതിലുളള വികസനത്തിലൂടെ 100 ശതമാനം സാമ്പത്തിക സാക്ഷരത എന്ന സ്വപ്നവും രാജ്യത്തിന് കൈവരിക്കാനാവും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും തപാല്‍ വകുപ്പിന് സാന്നിധ്യമുണ്ട്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സേവനം ഗ്രാമ -നഗര വ്യത്യാസമില്ലാതെ രാജ്യത്ത് നടപ്പാക്കാന്‍ ഇന്ത്യ പോസ്റ്റിന് എളുപ്പത്തില്‍ കഴിയും.

വാണിജ്യ ബാങ്കുകള്‍ നല്‍കിവരുന്ന എല്ലാ സേവനങ്ങളും നല്‍കാന്‍ പോസ്റ്റ് ബാങ്ക് സംവിധാനത്തിന് കഴിയുമെന്നിരിക്കേ, ഇന്ത്യന്‍ ഗ്രാമങ്ങള്‍ സാമ്പത്തികമായി കരുത്താര്‍ജ്ജിക്കാന്‍ ഐപിപിബി കാരണമാകും. ഇപ്പോള്‍ ഏകദേശം 49,000 ബാങ്ക് ശാഖകള്‍ മാത്രമാണ് ഗ്രാമീണ മേഖലയിലുളളത്. പേയ്മെന്‍റ്സ് ബാങ്കായതിനാല്‍ വായ്പ സേവനങ്ങള്‍ ഐപിപിബിയില്‍ നിന്ന് ലഭ്യമാകില്ല. മറ്റ് ബാങ്കുകള്‍ നിലവില്‍ നേരിടുന്ന കിട്ടാക്കടമെന്ന (എന്‍പിഎ) പ്രതിസന്ധി വായ്പ സേവനമില്ലാത്തതിനാല്‍ തന്നെ ഐപിപിബിയ്ക്ക് നേരിടേണ്ടി വരില്ല. 

loader