ഇപ്പോള്‍ നിലവിലുള്ള നെഗോഷ്യബ്‍ള്‍ ഇന്‍സ്ട്രുമെന്റ് നിയമത്തിന് കീഴില്‍ തന്നെ ചെക്ക് മടങ്ങിയാല്‍ കര്‍ശന ശിക്ഷയുണ്ട്. രണ്ട് വര്‍ഷത്തെ തടവോ അല്ലെങ്കില്‍ ചെക്ക് നല്‍കിയ തുകയുടെ ഇരട്ടി പിഴയോ അതുമല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് നിയമം അനുശാസിക്കുന്ന ശിക്ഷ. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നു. കേസെടുത്താലും കോടതിയില്‍ വര്‍ഷങ്ങളോളം സമയമെടുക്കുമെന്നതിനാല്‍ ചെക്ക് കേസിനെ ആര്‍ക്കും പേടിയില്ലെന്നാണ് അവസ്ഥ. വര്‍ഷങ്ങള്‍ കഴിഞ്ഞ് കേസ് പരിഗണനയ്ക്ക് എടുക്കുമ്പോഴേക്ക് പണം നല്‍കി ഒത്തുതീര്‍പ്പാക്കാമെന്ന ധാരണയാണ് പലര്‍ക്കും. കോടതിലളില്‍ ലക്ഷക്കണക്കിന് ചെക്ക് കേസുകള്‍ തീര്‍പ്പ്കാത്ത് ഇപ്പോള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്.

അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയാല്‍ ഇനി ഒരു മാസത്തെ സമയം കൂടി നല്‍കും. ഇതിനകം പണം നല്‍കാം. അല്ലെങ്കില്‍ കേസ് തീര്‍പ്പാകും മുമ്പ് തന്നെ ചെക്ക് നല്‍കിയയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാവുന്ന തരത്തിലായിരിക്കും നിയമം. കേസിന്റെ വിചാരണ കഴിയുന്നത് വരെ നടപടി നീളില്ലെന്ന് വരുമ്പോള്‍ വണ്ടിച്ചെക്ക് വഴിയുള്ള തട്ടിപ്പ് കുറയുമെന്ന കണക്കുകൂട്ടലാണുള്ളത്.