ബംഗളുരു: ബാങ്കുകള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും ശേഷം ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളും ഉപഭോക്താക്കളോട് ആധാര്‍ വിവരങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ക്ക് ആധാര്‍ നമ്പര്‍ കൈമാറുന്നത് സുരക്ഷിതമാണോയെന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. ഇതിന് ഉത്തരവാദപ്പെട്ട ആരും വ്യക്തമായ വിശദീകരണമൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.
ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവന സൈറ്റുകള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നിങ്ങളുടെ സ്വകാര്യതയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇത് ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം പ്രതികരിച്ചത്.
ആധാര്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനെതിരായ മുന്നറിയിപ്പായിരുന്നു അന്ന് നല്‍കിയത്. എന്തെങ്കിലും കാര്യത്തിനായി ആധാറിന്റെ പകര്‍പ്പ് നല്‍കുകയാണെങ്കില്‍ അവ സ്വയം സാക്ഷ്യപ്പെടുത്തണമെന്നും അതിനൊപ്പം എന്ത് ആവശ്യത്തിനായാണ് ഇത് നല്‍കുന്നതെന്ന് കൂടി പകര്‍പ്പില്‍ വ്യക്തമായി എഴുതി നല്‍കണമെന്നുമാണ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത ആവശ്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈമാറരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
