ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന പാചക വാതക കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. കുടുംബത്തിലെ സ്ത്രീകളുടെ പേരിലായിരിക്കും കണക്ഷന്‍ നല്‍കുക. രാജ്യത്ത് നിര്‍ധനരായ അഞ്ച് കോടി വനിതകള്‍ക്ക് സൗജന്യമായി മൂന്ന് വര്‍ഷത്തിനുള്ളില്‍ പാചക വാതക കണക്ഷന്‍ നല്‍കാന്‍ ലക്ഷമിട്ട് കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്.

പദ്ധതിയില്‍ അംഗമാവാന്‍ ആധാര്‍ നമ്പര്‍ ഹാജരാക്കുകയോ ആധാര്‍ എന്‍റോള്‍മെന്റിന്റെ തെളിവ് നല്‍കുകയോ വേണമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആധാര്‍ കാര്‍ഡില്ലാത്ത ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്ത്രീകള്‍ മേയ് 31ന് മുമ്പ് ആധാര്‍ എന്‍റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. എന്‍‍റോള്‍ ചെയ്തവര്‍ക്ക് ആധാര്‍ കാര്‍ഡ് കിട്ടാന്‍ വൈകിയാലും എന്‍റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ച് പാചക വാതക കണക്ഷന് അപേക്ഷിക്കാനാവും.