കൊച്ചി: ആധാര്‍ ഇല്ലാത്തവര്‍ക്കും ആദായ നികുതി അടയ്‌ക്കാമെന്ന് ഹൈക്കോടതി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ തീരാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്.

ഇന്‍കംടാക്‌സ് ആക്ടിലെ ഭേദഗതി ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതനുസരിച്ച് ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആദായ നികുതി നേരിട്ട് അടയ്‌ക്കാം. ആധാറും പാനും ബന്ധിപ്പിക്കാതെ ആദായ നികുതി റിട്ടേണ്‍ പൂര്‍ണമാകില്ലെന്ന് നേരത്തെ കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ അപേക്ഷയുടെ നമ്പര്‍ നല്‍കണമെന്നും അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതൊഴിവാകും.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ തീരും. തിരക്ക് നിമിത്തം ജൂലൈ 31 വരെയായിരുന്ന സമയപരിധി അഞ്ച് ദിവസം നീട്ടി നല്‍കുകയായിരുന്നു. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന നവംബര്‍ 9നും ഡിസംബര്‍ 30നും ഇടയില്‍ രണ്ട് ലക്ഷത്തിലേറെ രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം റിട്ടേണിനൊപ്പം പ്രത്യേകം വ്യക്തമാക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.