അബുദാബി: ദുബായ്-അബുദാബി ഷെയ്ഖ് സയ്യീദ് ഹൈവേയില്‍ അല്‍ റഹ്ബാ ഓഫീന് സമീപമായി നിര്‍മ്മിക്കുന്ന ഹിന്ദു ക്ഷേത്രത്തിന് ഏഴുന്നൂറ് കോടിയിലേറെ രൂപ ചിലവു വന്നേക്കും. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജ ഇന്നലെ നടന്നിരുന്നു. 

2020-നുള്ളില്‍ ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ ക്ഷേത്രം അബുദാബിയില്‍ ഉയരുമെന്നാണ് ക്ഷേത്ര നിര്‍മ്മാണകമ്മിറ്റിയുടെ അധ്യക്ഷനായ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി പറയുന്നത്. അബുദാബിയുടെ പ്രൗഢിക്ക് അനുയോജ്യമായ രീതിയിലാവും ക്ഷേത്രം നിര്‍മ്മിക്കുക. നഗരത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നിര്‍മ്മിതിയായിരിക്കും ഇത്. അബുദാബിയിലൊരു ക്ഷേത്രം വരുമെന്ന് ഒരിക്കലും നാം പ്രതീക്ഷിച്ചതല്ല. ഇന്ന് അത് സാധ്യമായെങ്കില്‍ അതിന് ആദ്യം നന്ദി പറയേണ്ടത് അബുദാബി കീരിടാവകാശിയായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യായനാണ്. 

ജാതി, മത, സാമ്പത്തിക വ്യത്യാസമില്ലാതെ ഏവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനും മതപരമായ ചടങ്ങുകള്‍ നടത്താനും അതില്‍ പങ്കെടുക്കാനും അവകാശമുണ്ടായിരിക്കുമെന്നും ബിആര്‍ ഷെട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി 2015-ല്‍ അബുദാബിയിലെത്തിയപ്പോള്‍ ആണ് നഗരത്തില്‍ ക്ഷേത്രം നിര്‍മ്മിക്കാനായി ഭൂമി അനുവദിക്കുമെന്ന പ്രഖ്യാപനം അബുദാബി കീരിടാവകാശി നടത്തിയത്. ഇപ്പോള്‍ മോദിയുടെ രണ്ടാം വരവില്‍ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കുകയും ചെയ്തു.