ഓണക്കാലത്ത് പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് 5000 മുതല്‍ 1000 രൂപവരെയാണ്. എന്നാല്‍ മടക്ക ടിക്കറ്റിന് കൊടുക്കേണ്ടത് പത്തിരട്ടിയിലേറെ തുകയാണ്. കമ്പനികളുടെ കൊള്ളയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത് 

ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ തുടരുന്നു. ഈ മാസം 26ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലെക്കെത്താന്‍ ശരാശരി നിരക്ക് 8000 മുതല്‍ 10,000 രൂപ വരെ നല്‍കണം. പക്ഷെ വീട്ടുകാര്‍ക്കൊപ്പം ഓണമുണ്ട്  അറബിനാട്ടിലേക്ക് പറക്കണമെങ്കില്‍ കീശ കാലിയാകും. സെപ്തംബര്‍ അഞ്ചിന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ റിയാദിലേക്ക് പോകാന്‍ 58,000 മുതല്‍ 72,500 രൂപ വരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് ജിദ്ദ ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 99,350 രൂപ. കൊള്ളയടിയില്‍ എയര്‍ ഇന്ത്യയും പിന്നിലല്ല. സെപ്റ്റംബര്‍ അഞ്ചിന് കൊച്ചി-ബെഹ്റിന്‍ വിമാനനിരക്ക് 48,370 രൂപയാണ്. 

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഓണക്കാലത്തെഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്. നിരക്ക് വര്‍ദ്ധനയില്‍ പ്രവാസികളുടെ പ്രതിഷേധം ചെറുതല്ല. ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികള്‍ കേള്‍ക്കാറില്ല. മറിച്ച് തിരക്ക് പറഞ്ഞ് എല്ലാ കമ്പനികളും ആവശ്യക്കാരെ പരമാവധി പിഴിയുകയാണ്.