നേരത്തെ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്ന ഇന്റിഗോ, ജെറ്റ് എയര്‍വേയ്സ്, ടാറ്റാ ഗ്രൂപ്പ് എന്നിയാണ് ആദ്യം പിന്മാറിയത്.

മുംബൈ: എയര്‍ ഇന്ത്യ വില്‍പ്പനയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം പിന്മാറി. ഓഹരി വില്‍പ്പനയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പാണ് കമ്പനികളുടെ പിന്മാറ്റത്തിന് കാരണം.

നേരത്തെ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്ന ഇന്റിഗോ, ജെറ്റ് എയര്‍വേയ്സ്, ടാറ്റാ ഗ്രൂപ്പ് എന്നിയാണ് ആദ്യം പിന്മാറിയത്. ഗള്‍ഫ് മേഖലയിലെ പ്രമുഖ കമ്പനികളായ എമിറേറ്റ്സ് എയര്‍ലൈന്‍സും ഖത്തര്‍ എയര്‍ലൈന്‍സും ഇന്നലെ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തല്‍ക്കാലം ഒരു എയര്‍ലൈന്‍ കമ്പനിയെയും ഏറ്റെടുക്കാന്‍ തീരുമാനമില്ലെന്ന് എമിറേറ്റ്സും എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരു നീക്കവും നടത്തുന്നില്ലെന്ന് ഖത്തര്‍ എയര്‍വേയ്സും സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്‍പൈസ് ജെറ്റിനും താല്‍പര്യമില്ലെന്നാണ് സൂചന. തന്റെ കമ്പനി വളരെ ചെറുതാണെന്നും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു സ്‍പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ് പറഞ്ഞത്.

ദേശസാത്കരിക്കപ്പെടുന്നതിന് മുന്‍പ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായിരുന്ന ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും നിലവിലെ നിബന്ധനകളോടെ ഇത് സാധ്യമാവില്ലെന്നാണ് അവരുടെയും നിലപാട്. ഇന്റിഗോയ്‌ക്ക് എയര്‍ ഇന്ത്യയുടെ അന്താരാഷ്‌ട്ര സര്‍വ്വീസുകളില്‍ മാത്രമാണ് താല്‍പര്യം. ജെറ്റ് എയര്‍വേയ്സും ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകളും കമ്പനിയുടെ താല്‍പര്യങ്ങളും പരിഗണിക്കുമ്പോള്‍ തങ്ങള്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നായിരുന്നു ജെറ്റ് എയര്‍വേയ്സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിത് അഗര്‍വാള്‍ പ്രതികരിച്ചത്

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളുമാണ് വില്‍ക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒരു സ്ഥാപനം മാത്രമായി വില്‍ക്കാനാവില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇതാണ് പ്രമുഖ കമ്പനികളെയെല്ലാം പിന്നോട് വലിക്കുന്നത്. അതേസമയം ബ്രിട്ടീഷ് എയര്‍വേഴ്‌സ്, ലുഫ്താന്‍സ, സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഒരു ഗള്‍ഫ് എയര്‍ലൈന്‍ എന്നിങ്ങനെ നാല് വിദേശ കമ്പനികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.