ഇന്ത്യ പൂര്‍ണമായി പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് പോകില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

മുംബൈ: ഇന്ത്യ പൂര്‍ണമായി പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് പോകില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ആര്‍എസ്എസ് മേധാവിയുടെ അഭിപ്രായ പ്രകടനം. ക്യാഷ് ലെസ് ഇക്കോണമിയെന്നത് നല്ല ആശയമാണ്. പക്ഷേ അതിന്‍റെ ഗുണം പൂര്‍ണമായി നേടാന്‍ സാധിക്കില്ല. രാജ്യത്തിന് എപ്പോള്‍ വേണമെങ്കിലും ക്യാഷ് ലെസ് ആയി മാറാം. പക്ഷേ പൂര്‍ണ്ണമായ തോതില്‍ അത് സാധ്യമല്ലെന്ന് ഭഗവത് പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ പൂര്‍ണ്ണമായി ക്യാഷ്‌ലൈസ് മാറുമെന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതേ സമയം ഏയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കെതിരെയും മോഹന്‍ ഭാഗവത് രംഗത്ത് എത്തി. ഏയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കുന്നെങ്കില്‍ അതിന്‍റെ നിയന്ത്രണം ഇന്ത്യന്‍ കമ്പനിക്കായിരിക്കണമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലും മറ്റും ഇങ്ങനെയാണ്, ഒരു രാജ്യവും അവരുടെ ആകാശത്ത് അന്യരാജ്യക്കാര്‍ക്ക് പറന്നുകളിക്കാന്‍ അവസരം നല്‍കില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.