രാവിലെ എട്ടു മണിക്ക് എത്തേണ്ട വിമാനം ദില്ലിയിലെ മൂടല്‍മഞ്ഞ് കാരണം 9:40നാണ് കൊച്ചിയിലെത്തിയത്. അതോടെ ഉദ്ഘാടന സര്‍വ്വീസ് തുടങ്ങിയതും വൈകിയായിരുന്നു. എയര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഡ്രീംലൈനര്‍ വിമാനത്തിന് സ്വീകരണം നല്‍കി. കെ.വി തോമസ് എംപിയും അന്‍വര്‍ സാദത്ത് എം.എല്‍.എയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് 259 യാത്രക്കാരുമായി വിമാനം 10:40ന് ദുബായ്‌ക്ക് പുറപ്പെട്ടു. 

എല്ലാ ദിവസവും രാവിലെ എട്ടു മണിക്ക് ദില്ലിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന ഡ്രീംലൈനര്‍ 9:15നാണ് ദുബായിലേക്ക് പുറപ്പെടുന്നത്. വൈകുന്നേരം 6:50നാണ് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ്. കൊച്ചിയില്‍ നിന്ന് എല്ലാ ദിവസവും രാത്രി 8:20ന് വിമാനം ദില്ലിക്ക് മടങ്ങും. ഡ്രീംലൈനറില്‍ ഒരേ സമയം 295 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവും.