ദില്ലി: രാജ്യത്തെ ഏക പൊതുമേഖല വിമാന കമ്പനിയായ എയര്‍ഇന്ത്യയെ വിവിധ ഭാഗങ്ങളാക്കി മുറിച്ച് വില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കിയെന്ന് സൂചന. ഭീമമായ നഷ്ടത്തിലോടുന്ന കമ്പനിയെ പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികളൊന്നും താല്‍പര്യപ്പെടാത്തതാണ് പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തൊഴിലാളി യൂണിയന്റേതടക്കമുള്ള എതിര്‍പ്പുകളെ മറികടന്ന് എയര്‍ ഇന്ത്യയെ വില്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായ കേന്ദ്ര കാബിനറ്റ് കഴിഞ്ഞ മാസം അനുമതി നല്കിയിരുന്നു. എന്നാല്‍ ഓഹരി വില്പന എളുപ്പമല്ലെന്നാണ് എയര്‍ ഇന്ത്യയുടെ മുന്‍ ഓപ്പറേഷണല്‍ മേധാവി ജിതേന്ദ്ര ഭാര്‍ഗവ പ്രതികരിച്ചത്.
ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ പാനലാകും ഓഹരി വില്പനയുടെ നടപടിക്രമങ്ങള്‍ സ്വീകരിക്കുക. എത്ര ശതമാനം ഓഹരിയാണ് വില്ക്കുന്നതെന്ന് തീരുമാനിക്കാന്‍ സമിതി ഈ മാസം തന്നെ യോഗം ചേരും. ഇന്ത്യന്‍ കമ്പനിക്ക് തന്നെ ഓഹരികള്‍ വില്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിവരം. ഇതോടെ ടാറ്റയ്ക്കും ഇന്റിഗോ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 

സ്വകാര്യ ഭീമന്മാരായ ടാറ്റയും ഇന്റിഗോയും ഇതിനോടകം തന്നെ താത്പര്യമറിച്ചതായാണ് സൂചനകള്‍. അന്താരാഷ്ട്ര സര്‍വ്വീസ് ഏറ്റെടുക്കാന്‍ ഇന്റിഗോ ശ്രമം തുടങ്ങിക്കഴിഞ്ഞു. നിലവില്‍ രണ്ട് വിമാന സര്‍വ്വീസുകളില്‍ പങ്കാളിയായ ടാറ്റയുടെ നീക്കവും ശ്രദ്ദേയമാണ്. എത്രയും പെട്ടെന്ന് വില്പന പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയിരിക്കുന്ന നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ആസ്തിയെയും വസ്തുവകകളെയും കുറിച്ച് മുമ്പ് വ്യക്തമായ മൂല്യനിര്‍ണ്ണയം നടന്നിട്ടില്ലെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ഉള്‍പ്പെടെ 30മില്യണ്‍ ഡോളര്‍ വിലവരുന്ന പെയിന്റിങ്ങുകള്‍ എയര്‍ ഇന്ത്യയുടെ മുംബൈ ഓഫീസില്‍ നിന്ന് കാണാതായ വാര്‍ത്ത ചെയര്‍മാന്‍ അശ്വിനി ലൊഹാനി സ്ഥിരീകരിച്ചു.