ബാങ്കിംഗ് രംഗത്തെ ചരിത്രം തിരുത്താന്‍ മൊബൈല്‍ ലോകത്തുനിന്ന് പേമെന്റ് ബാങ്കിംഗിലേക്ക് എത്തുകയാണ് എയര്‍ടെല്‍. പൂര്‍ണ്ണമായും ഡിജിറ്റലായ കടലാസ് രഹിത ബാങ്കിംഗ് സമ്പ്രദായമാണ് പേമെന്റ് ബാങ്ക്. അക്കൗണ്ട് തുടങ്ങല്‍ വളരെ ലളിതം. ആധാറും കെ.വൈസിയും നല്‍കിയാല്‍ നിമിഷങ്ങള്‍ കൊണ്ട് സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെല്ലാം മൊബൈലിലൂടെ നിയന്ത്രിക്കാം. സാധാരണ ഫോണോ സ്മാര്‍ട്ട് ഫോണോ ഇതിനായി ഉപയോഗിക്കാം.വായ്പയോ ക്രെഡിറ്റ് കാര്‍ഡോ നല്‍കാന്‍ പേമെന്റ് ബാങ്കുകള്‍ക്ക് അധികാരമില്ല. ചുരുക്കത്തില്‍, ഇ വാലറ്റിനെയും ബാങ്ക് അക്കൗണ്ടിനെയും ബന്ധിപ്പിക്കുന്ന പാലമാകും പേമെന്റ് ബാങ്ക്. 

എന്നാല്‍, ഒരു ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപിക്കാം. ഇതിന് പലിശ ലഭിക്കും. 7.25 എന്ന ആകര്‍ഷക പലിശയാണ് അക്കൗണ്ട് ഉടമകള്‍ക്ക് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ് കാര്‍ഡില്ലെങ്കിലും അക്കൗണ്ടുടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ബാങ്ക് നല്‍കും. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം നടത്തണമെന്ന ആര്‍ബിഐ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, രാജസ്ഥാനിലാണ് എയര്‍ടെല്‍ ആദ്യ ബ്രാഞ്ച് തുടങ്ങുന്നത്. ഇവിടെ ഒരുലക്ഷം പേര്‍ ഉടന്‍ അക്കൗണ്ട് തുറക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പാണ് രാജ്യത്തെ 11 കമ്പനികള്‍ക്ക് പേമെന്റ് ബാങ്ക് തുടങ്ങാന്‍ ആര്‍ബിഐ പ്രാഥമിക അനുമതി നല്‍കിയത്. പേ ടിഎം, റിയലന്‍സ എയര്‍ടെല്‍ സെല്ലുലാര്‍ എന്നിവരും വൈകാതെ പേമെന്റ് ബാങ്ക് രംഗത്തേക്ക് എത്തും