ദില്ലി: ചൈനീസ് ഇ-വ്യാപാര കമ്പനി ആലിബാബയെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തി. വ്യാജ 'ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കുപ്രസിദ്ധ വിപണി'കളുടെ പട്ടികയില്‍നിന്ന് ആലിബാബയെ 2012ല്‍ മോചിപ്പിച്ചിരുന്നെങ്കിലും ഇക്കുറി വീണ്ടും ഉള്‍പ്പെടുത്തുകയാണ് വാണിജ്യ മന്ത്രാലയം ചെയ്തത്.

എന്നാല്‍ യുഎസിലെ മാറിയ രാഷ്ട്രീയ സാഹചര്യമാണ് നടപടിക്ക് പിന്നിലെന്നാണ് ആലിബാബയുടെ ആരോപണം. യഥാര്‍ഥ വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് യുഎസ് നടപടിയെന്നാണ് ആലിബാബ പ്രസിഡന്റ് മൈക്കേല്‍ എവന്‍സ് വിശദീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ഗ്രൂപ്പുകളിലൊന്നാണ് ആലിബാബ. യുഎസ് കരിമ്പട്ടികയില്‍പെടുത്തിയത് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ആലിബാബയുടെ ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രമായ 'താവോബാവോ' വന്‍തോതില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതികളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് അമേരിക്കന്‍ വാണിജ്യമന്ത്രാലയത്തിന്റെ പ്രതികരണം.