രാജ്യത്തിന്‍റെ ഏതു ഭാഗത്തേക്കും ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുകയാണ് ബിസിനസ്സിന്‍റെ ലക്ഷ്യം

ദില്ലി: ആമസോണ്‍ ഫുഡ് റീട്ടെയ്‍ലിനോട് നടപടികളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വെയര്‍ഹൗസ് സംവിധാനങ്ങളോ പ്രത്യേക ഉപകരണ സംവിധാനങ്ങളോ തയ്യാറാക്കാതെ എങ്ങനെയാണ് ഭക്ഷ്യ മേഖലയില്‍ സംരംഭം തുടങ്ങുകയെന്ന് വ്യക്തമാക്കാനാണ് സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നത്.

സര്‍ക്കാരിന് വേണ്ടി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനാണ് വിശദീകരണം ചോദിച്ചത്. പൂര്‍ണ്ണമായി ആമസോണിന്‍റെ ഉടമസ്ഥതയിലുളള ഭക്ഷ്യ സംരംഭമാണ് ആമസോണ്‍ റീട്ടെയ്ല്‍ ഇന്ത്യ ലിമിറ്റഡ്. എന്നാല്‍ തങ്ങളുടെ തന്നെ ഗ്രോസറി റീട്ടെയ്ല്‍ ബിസിനസുകളായ ആമസോണ്‍ നൗ, ആമസോണ്‍ പാന്‍ട്രി എന്നിവയുടെ വിപുലീകരണം മാത്രമാണ് പുതിയ കമ്പനിയെന്നാണ് ആമസോണിന്‍റെ വാദം. 

കമ്പനിയില്‍ നിന്ന് വെയര്‍ഹൗസിന്‍റെയും ഉപകരണ സംവിധാനങ്ങളുടെയും കാര്യത്തില്‍ വ്യക്തമായ മറുപടി കിട്ടാതെ മുന്നോട്ടു പോകാനാവില്ലെന്നാണ് സര്‍ക്കാരിന്‍റെ മറുവാദം. രാജ്യത്തിന്‍റെ ഏതു ഭാഗത്തുളള ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുകയാണ് ബിസിനസ്സിന്‍റെ ലക്ഷ്യം. 3,320 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കാന്‍ ആമസേണ്‍ പദ്ധതിയിട്ടിരുക്കുന്നത്.