കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ തന്നെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും.
തൊഴില്‍ രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളുടെ കരടുചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കുറഞ്ഞ ശമ്പളം നിശ്ചയിക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ചട്ടങ്ങള്‍. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 മുതല്‍ 45 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
ശമ്പളം നിശ്ചയിക്കാന്‍ പുതിയ 'ഫോര്‍മുല'
- ഒരു തൊഴിലാളിയുടെ കുടുംബത്തിന്റെ അന്തസ്സായ ജീവിതത്തിന് ആവശ്യമായ തുക കണക്കാക്കിയാകും ഇനി കുറഞ്ഞ ശമ്പളം നിശ്ചയിക്കുക.
- നാലംഗ കുടുംബം: തൊഴിലാളി, പങ്കാളി, രണ്ട് കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബത്തെയാണ് മാനദണ്ഡമാക്കുക.
- ഭക്ഷണം: ഒരാള്‍ക്ക് പ്രതിദിനം 2,700 കലോറി ഊര്‍ജ്ജം ലഭിക്കുന്ന ഭക്ഷണം ഉറപ്പാക്കണം.
- വസ്ത്രം: കുടുംബത്തിന് വര്‍ഷം 66 മീറ്റര്‍ വസ്ത്രം വാങ്ങാനുള്ള തുക.
- താമസം: ഭക്ഷണത്തിനും വസ്ത്രത്തിനുമാകുന്ന ചെലവിന്റെ 10 ശതമാനം വീട്ടുവാടകയ്ക്കായി മാറ്റിവെക്കും.
- മറ്റ് ആവശ്യങ്ങള്‍: ഇന്ധനം, വൈദ്യുതി എന്നിവയ്ക്കായി ശമ്പളത്തിന്റെ 20 ശതമാനവും; വിദ്യാഭ്യാസം, ചികിത്സ, വിനോദം എന്നിവയ്ക്കായി 25 ശതമാനവും തുക ശമ്പളത്തില്‍ ഉള്‍പ്പെടുത്തണം.
ചുരുക്കത്തില്‍, തൊഴിലാളിയുടെ സാമൂഹിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാകും ശമ്പളവര്‍ദ്ധന നടപ്പിലാക്കുക.
ഗ്രാറ്റുവിറ്റി ഇനി ഒരു വര്‍ഷം കഴിഞ്ഞാല്‍
സ്ഥിരം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കാന്‍ അഞ്ച് വര്‍ഷത്തെ സേവനം വേണമെന്ന നിലവിലെ നിയമത്തില്‍ വലിയ മാറ്റമുണ്ടാകും. നിശ്ചിത കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ തന്നെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും.
ഗിഗ് തൊഴിലാളികള്‍ക്കും സുരക്ഷ
സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 'ഗിഗ്' തൊഴിലാളികള്‍ക്കായി ദേശീയ സാമൂഹിക സുരക്ഷാ ബോര്‍ഡ് രൂപീകരിക്കും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ബോര്‍ഡ് വഴി നടപ്പിലാക്കും.
ശമ്പളഘടനയില്‍ മാറ്റം
പുതിയ നിയമപ്രകാരം ഒരാളുടെ ആകെ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും അടിസ്ഥാന ശമ്പളമായിരിക്കണം . മറ്റ് അലവന്‍സുകള്‍ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. അലവന്‍സുകള്‍ ഈ പരിധി കഴിഞ്ഞാല്‍ അധികമുള്ള തുക അടിസ്ഥാന ശമ്പളമായി കണക്കാക്കും. ഇത് പി.എഫ് , ഗ്രാറ്റുവിറ്റി എന്നിവ വര്‍ദ്ധിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രകടനം അടിസ്ഥാനമാക്കിയുള്ള ബോണസ്, ഇ.എസ്.ഒ.പി എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. കേന്ദ്ര നിയമത്തിനനുസരിച്ച് സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ കരടുചട്ടങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ട്. നിയമം നടപ്പിലാക്കുന്നത് വരെ നിലവിലെ ചട്ടങ്ങള്‍ തന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി


