ഭുവനേശ്വര്‍: അംഗന്‍വാടി ജീവനക്കാരിക്ക് വരവില്‍ കവിഞ്ഞ സമ്പാദ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. പക്ഷേ ഉദ്ദ്യോഗസ്ഥരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അവിടെ നിന്ന് ലഭിച്ചത്. പ്രതിമാസം 6500 രൂപ ശമ്പളം വാങ്ങുന്ന അംഗന്‍വാടി ജീവനക്കാരിയുടെ ഇപ്പോഴത്തെ ആസ്തി രണ്ട് കോടിക്ക് മുകളിലാണ്.

ഒറീസയിലെ കേന്ദ്രപറ ജില്ലയില്‍ പെടുന്ന ബാലഭദ്രപൂരിലാണ് സംഭവം. സൗരേന്ദ്രി ധല്‍ എന്ന സ്ത്രീയുടെ വീട്ടിലാണ് വിജിലന്‍സ് പരിശോധിച്ചത്. 2008ലായിരുന്നു ഇവര്‍ അംഗന്‍വാടിയില്‍ ജോലിക്ക് പ്രവേശിച്ചത്. അന്ന് 4500 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഇപ്പോള്‍ അത് 6500 രൂപയാണ്. എന്നാല്‍ 13 സ്ഥലങ്ങളിലായി 1.7 കോടി രൂപ വിലമതിക്കുന്ന ഭൂമി ഇവരുടെ പേരിലുണ്ട്. തലസ്ഥാനമായ ഭുവനേശ്വറില്‍ മൂന്ന് നില കെട്ടിടത്തിന് പുറമേ ഒരു പിക് അപ് വാന്‍, 2.33 കോടിയുടെ ഇന്‍ഷുറന്‍ പോളിസികള്‍, രണ്ട് ബൊലേറോ ജീപ്പുകള്‍, ഷെവര്‍ലെ ടവേര കാര്‍, ഒരു ബൈക്ക്, 45 ഗ്രാം സ്വര്‍ണ്ണം എന്നിവയും രണ്ട് ലക്ഷം രൂപ പണമായും കണ്ടെത്തി. അംഗവന്‍വാടികളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഫാക്ടറിയും ഇവര്‍ക്കുണ്ടെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. എല്ലാം സ്വന്തം പേരിലും ഭര്‍ത്താവിന്റെ പേരിലുമാണ്. ഇത്രയധികം പണം ഇവര്‍ അങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കുകയാണിപ്പോള്‍ വിജിലന്‍സ്.