മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് (എഡിഎജി) ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ എല്ലാം വന്‍ നഷ്ടത്തില്‍. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാ, റിലയൻസ് കാപ്പിറ്റൽ, റിലയൻസ് പവർ, റിലയൻസ് ഡിഫൻസ് എന്നീ അഞ്ചു കന്പനികളുടെ ഓഹരികൾക്കും വില ഇടിഞ്ഞു. റിലയൻസ് കമ്യൂണിക്കേഷൻസ് മാർച്ചിലവസാനിച്ച ത്രൈമാസത്തേക്ക് 966 കോടി രൂപ നഷ്ടം വരുത്തി. തലേ വർഷം ഇതേ കാലത്ത് 79 കോടി രൂപ ലാഭമുണ്ടാക്കിയതാണ്.
അനിലിന്റെ മൂത്ത സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോ ടെലികോമുമായി വന്നതാണ് റിലയൻസ് കമ്യൂണിക്കേഷൻസിനു വലിയ ക്ഷീണമായത്. ടെലികോം നിരക്കുകൾ കുത്തനെ ഇടിഞ്ഞപ്പോൾ കടഭാരത്തിൽ ഞെരുങ്ങുന്ന റിലയൻസ് കോം നിലം പറ്റുകയായിരുന്നു. 2016-17ൽ കന്പനിയുടെ നഷ്ടം 1283 കോടിയാണ്. തലേ വർഷം 660 കോടി ലാഭമുണ്ടായ സ്ഥാനത്താണിത്. ഐഡിയ സെല്ലുലാറിനു മാർച്ച് ത്രൈമാസത്തിൽ 325.6 കോടി നഷ്ടമുണ്ടായി. വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയർടെൽ ലാഭം 72 ശതമാനം കുറഞ്ഞു.
അനിൽ അംബാനി ഗ്രൂപ്പ് എടുത്ത കടങ്ങളുടെ ഗഡു അടയ്ക്കേണ്ട ദിവസം കഴിഞ്ഞ് 30 ദിവസം പിന്നിട്ടു. ഇതേത്തുടർന്ന് കടം നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിക്കുന്നതിന് ആലോചനയുണ്ട്. പ്രാരംഭമായി സ്പെഷൽ മെൻഷൻ അക്കൗണ്ട് (എസ്എംഎ ഒന്ന്) ആയി പ്രഖ്യാപിക്കും. കുടിശിക 60 ദിവസമായാൽ എസ്എംഎ രണ്ട് ആയി പ്രഖ്യാപിക്കും. 90 ദിവസം കഴിഞ്ഞാൽ എൽപിഎ ആയി വകമാറ്റും.
അനിൽ അംബാനി തന്റെ ഗ്രൂപ്പിന്റെ ചില ബിസിനസുകളും ആസ്തികളുംവിറ്റ് കടക്കെണിയിൽനിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. റിലയൻസ് ഇൻഫ്രാടെൽ കമ്പനിയുടെ 51 ശതമാനം ഓഹരി കനേഡിയൻ ധനകാര്യ കന്പനി ബ്രൂക്ഫീൽഡിനു വിറ്റ് 11,000 കോടി രൂപ സന്പാദിക്കും. ടെലികോം ടവർ ബിസിനസാണ് ഇൻഫ്രാടെലിന്റേത്. ഇതോടൊപ്പം ചെന്നൈയിലെ എയർസെൽ കന്പനിക്ക് റിലയൻസ് കമ്യൂണിക്കേഷനിൽ പകുതി ഓഹരി നൽകും. ഇപ്പോൾ സ്പെക്ട്രം ഇല്ലാത്ത എയൽസെലിന് ഇതുവഴി സ്പെക്ട്രം ലഭിച്ച് പ്രവർത്തനം നടത്താം. ഡിസംബർ 31ന് 42,800 കോടി രൂപ കടമുള്ള അനിൽ അംബാനി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ ഇവ രണ്ടും വഴി 25,000 കോടി രൂപ നേടി കടബാധ്യത കുറയ്ക്കാമെന്നാണ്.
