റിയാദ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൗദിയില്‍ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധം ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

ഇന്ന് രാവിലെ റിയാദില്‍ എത്തിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി റിയാദിലെ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് സൗദി ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ജാഥാനേയും സന്ദര്‍ശിച്ച അരുണ്‍ ജെയ്റ്റ്‌ലി അദ്ദേഹവുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി.

പിന്നീട് റിയാദില്‍ നടന്ന സൗദി ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുത്ത അരുണ്‍ ജെയ്റ്റിലി ഇന്ത്യന്‍ സമ്പത്തികരംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയെക്കുറിച്ചും വിശദീകരിച്ചു.

റിയാദിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖരുമായും മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലേക്ക് മടങ്ങും.