ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ബിറ്റ്കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ നാണയങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പാര്‍ലമെന്റില്‍ അറിയിച്ചു. ഡിജിറ്റല്‍ നാണയങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നത് സംബന്ധിച്ച വിദഗ്ദസമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. ബിറ്റ് കോയിനെതിരെ നേരത്തെ തന്നെ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ക്ക് ഒരു ആസ്തിയുടെ പിന്‍ബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് അവയുടേതെന്നുമായിരുന്നു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സമീപകാലത്തുതന്നെ വലിയ ചാഞ്ചാട്ടങ്ങള്‍ ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്‌ടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയോ അല്ലെങ്കില്‍ സര്‍ക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ല ഓണ്‍ലൈന്‍ കറന്‍സികളെന്നും ആര്‍.ബി.ഐ ഓര്‍മ്മിപ്പിച്ചു.