വീണ്ടുമൊരു നോട്ട് നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളോട് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രതികരിച്ചു. ഇപ്പോള്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ട് പിൻവലിക്കുന്ന കാര്യം പരിഗണനയിലില്ലെന്നാണ് ധനമന്ത്രി ഇന്ന് അറിയിച്ചത്. പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വീണ്ടുമൊരു നോട്ട് നിരോധനം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നത്.

നേരത്തെ 500, 1000 രൂപാ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍വലിച്ചത് പോലെ പുതിയ 2000 രൂപാ നോട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രചരണം. സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുണ്ടോയെന്നാണ് ജൂലൈ 26ന് രാജ്യസഭയില്‍ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചെങ്കിലും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇതിനോട് മൗനം പാലിക്കുകയായിരുന്നു. ഇതോടെ ആശങ്കകളും ഇരട്ടിയായി. എന്നാല്‍ ചില്ലറ ക്ഷാമം അടക്കം പരിഗണിച്ച് ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ കൂടുതലായി പുറത്തിറക്കാനാണ് 2000 രൂപയുടെ അച്ചടി നിര്‍ത്തിയതെന്നായിരുന്നു അന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിശദീകരണം. 200 രൂപാ നോട്ടുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.