ദില്ലി: വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്രമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വിളിച്ചു. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാന്‍, വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് 21 മാസത്തെ ഏറ്റവും ഉയരത്തിലെത്തിയിരുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കള്‍ക്കു രാജ്യത്തു കുത്തനെ വില കൂടിയിരുന്നു. പച്ചക്കറികളുടെ വിലക്കയറ്റം രണ്ടു ശതമാനത്തില്‍ നിന്ന് 12.94 ശതമാനമായാണു കുത്തനെ കൂടിയത്.

ഹൈദരാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ തക്കാളിയ്ക്കു കിലോ നൂറു രൂപയാണ് ഇപ്പോള്‍ വില. ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും വില കൂടുകയാണ്. ഈ സാഹചര്യത്തില്‍ അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിയ്ക്കാനുള്ള നടപടികളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക.