ട്രെയിനുകള്‍ കൃത്യസമയം പാലിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ് എന്നാല്‍ പാളങ്ങളിലേയും സിഗ്നലുകളിലേയും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഈ ഘട്ടത്തില്‍ റെയില്‍വേ പ്രാധാന്യം കൊടുക്കുന്നത്

ദില്ലി: തീവണ്ടി യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്നും അതിനാലാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ പാളിച്ചകളുണ്ടാവുന്നതെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലോഹ്നി പറഞ്ഞു. 

നിലവില്‍ പാസഞ്ചര്‍ ട്രെയിനുകളെല്ലാം 70-75 ശതമാനം കൃത്യസമയം പാലിച്ചാണ് ഓടുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ് എന്നാല്‍ പാളങ്ങളിലേയും സിഗ്നലുകളിലേയും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഈ ഘട്ടത്തില്‍ റെയില്‍വേ പ്രാധാന്യം കൊടുക്കുന്നത്. ഈ കാരണത്താല്‍ ട്രെയിനുകള്‍ വൈകിയോടുന്ന സ്ഥിതിയുണ്ട്. പക്ഷേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ പിന്നെ വണ്ടികളെല്ലാം സമയക്രമം പാലിക്കും- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ വിലയിരുത്താനെത്തിയ ലോഹ്നി പറയുന്നു. 

പ്രീമിയം ട്രെയിനുകളില്‍ അധികനിരക്ക് ഈടാക്കുന്ന ഫഌക്‌സി ഫെയര്‍ റെയില്‍വേ പരിഷ്‌കരിക്കുമെന്നും ലോഹ്നി അറിയിച്ചു. 

വിമാനകമ്പനികള്‍ തമ്മില്‍ ഡിസ്‌ക്കൗണ്ട് യുദ്ധം നടക്കുന്ന എയര്‍ലൈന്‍ രംഗത്തും മറ്റും ഫഌക്‌സിനിരക്കുകള്‍ ഗുണം ചെയ്യും, പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ മാത്രമുള്ള ഈ രംഗത്ത് ഫഌക്‌സി നിരക്കു കൊണ്ട് ഗുണമൊന്നുമുണ്ടാക്കില്ല. അതിനാല്‍ യാത്രാക്കാര്‍ക്കും ജനങ്ങള്‍ക്കും ഗുണം ചെയ്യുന്ന രീതിയില്‍ എല്ലാ സീറ്റുകളിലും യാത്രക്കാരെ ആകര്‍ഷിക്കാവുന്ന വിധത്തില്‍ ഫഌക്‌സി നിരക്കില്‍ ചില മാറ്റങ്ങള്‍ ഉടനെ വരും.-ലോഹ്നി വ്യക്തമാക്കി.