മരങ്ങളുടെ നടീല്‍ മുതല്‍ പരിപാലനവും സംരക്ഷണവും പോലുള്ള കാര്യങ്ങളിലെ വിദഗ്ദനെയാണ് അര്‍ബോറിസ്റ്റ് എന്ന് ശാസ്ത്രഭാഷയില്‍ വിളിക്കുന്നത്. ഈ രംഗത്തെ വിദഗ്ദനെ സിംഗപൂരില്‍ നിന്നാണ് കണ്ടെത്തിയത്. മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്റെ ജനറല്‍ കണ്‍സള്‍ട്ടന്റായ മാപിള്‍ കണ്‍സോര്‍ഷ്യം ആണ് സൈമണ്‍ ലിയോങ് എന്നയാളെ ആറ് മാസത്തെ കരാറില്‍ നിയമിച്ചത്. പ്രതിമാസം 33,000 അമേരിക്കന്‍ ഡോളറാണ് (ഏകദേശം 22 ലക്ഷം ഇന്ത്യന്‍ രൂപ) ശമ്പളം. താമസത്തിന് പുറമേ നാല് തവണ നാട്ടില്‍ പോയി വരാനുള്ള ടിക്കറ്റും നല്‍കും. ജനുവരിയില്‍ തന്നെ ഇദ്ദേഹത്തിന്റെ നിയമനം മെട്രോ റെയില്‍ കോര്‍പറേഷന്‍ അംഗീകരിച്ചിട്ടുണ്ട്. മുറിച്ചുമാറ്റേണ്ടി വരുനന് മരങ്ങളുടെ പട്ടികയും തയ്യാറായിക്കഴിഞ്ഞു. ഇവയെ ഇനി മറ്റൊരു സ്ഥലത്തേക്ക് മാറ്റും. എന്നാല്‍ ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ഇത്ര പണം മുടങ്ങി സ്ഥലം മാറ്റുന്ന മരങ്ങളൊന്നും പിന്നീട് നിലനില്‍ക്കാറില്ലെന്നുമാണ് പരിസ്ഥിതി സ്നേഹികളുടെ വാദം.

33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയില്‍ 5,012 മരങ്ങളാണുള്ളത്. രണ്ട് വ്യക്തികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് മുംബൈ ഹൈക്കോടതിയാണ് മരം മുറിക്കുന്നത് സ്റ്റേ ചെയ്തത്. ഇപ്പോള്‍ മരങ്ങള്‍ വളരുന്ന സ്ഥലത്ത് നിന്ന് ഇവയുടെ നിലനില്‍പ്പിന് ഒട്ടും അനിയോജ്യമല്ലാത്ത ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലേക്ക് ഇവ മാറ്റാനാണ് പദ്ധതി ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ഒരു മരം മുറിച്ച് മാറ്റിയാല്‍ 30 ദിവസത്തിനകം മൂന്ന് എണ്ണം നട്ടുപിടിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും ഇതുവരെ മുറിച്ചുമാറ്റിയ 100ഓളം മരങ്ങള്‍ക്ക് പകരം ഒന്നുപോലും നട്ടുപിടിപ്പിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ ആഗോള തലത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഈ രംഗത്തെ വിദഗ്ദനെ തന്നെയാണ് എത്തിച്ചിരിക്കുന്നതെന്നും മരങ്ങളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുമെന്നുമാണ് അധികൃതരുടെ വാദം.