മുംബൈ : ബാങ്കുകള്‍ എ.ടി.എം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഇന്‍റര്‍നെറ്റ് ബാങ്ക് ഇടപാടും, എടിഎം പരിപാലന ചെലവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. നോട്ട് അസാധുവാക്കലോടെ എ.ടി.എം ഇടപാടുകള്‍ കുറഞ്ഞതും പരിപാലന ചെലവ് കൂടിയതുമാണ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കാരണം.
സ്വകാര്യ ബാങ്കുകളില്‍ നിന്നാണ് ഈ ആവശ്യം ആദ്യം ഉയര്‍ന്നത്. എന്നാല്‍, വന്‍കിട പൊതുമേഖലാ ബാങ്കുകള്‍ ഇതിനെതിരെ രംഗത്തെത്തിയതായാണ് സൂചന. ഇരുമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആര്‍.ബി.ഐയെ സമീപിച്ചത്.
അക്കൗണ്ടുള്ള ബാങ്കിന്റേതല്ലാത്ത എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നോട്ട് അസാധുവാക്കലിന് ശേഷം സുരക്ഷയൊരുക്കുന്നതിനും പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറക്കുന്നതിനും എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം പരിഷ്‌കരിക്കുന്നതിനും ഭീമമായ തുക ചെലവാക്കേണ്ടി വന്നതായി ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
