നികുതി സ്ലാബുകളിലടക്കം ഒട്ടേറെ മാറ്റങ്ങളാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി നല്‍കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇവയാണ്.


1. രണ്ടര മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. നികുതി കണക്കേണ്ട വരുമാനം ഈ പരിധിക്കുള്ളില്‍ വരുന്നവര്‍ക്ക് നല്ലൊരു തുക നികുതി ലാഭിക്കാന്‍ ഇത് സഹായകമാവും. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് ഇനി മുതല്‍ 2500 രൂപയായി കുറച്ചിട്ടുണ്ട്. 2.5 മുതല്‍ 3.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

2. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോം ലളിതമാക്കിയിട്ടുണ്ട്. ബിസിനസില്‍ നിന്നുള്ള വരുമാനം ഒന്നുമില്ലാത്തവര്‍ക്ക് ഒരു പേജ് മാത്രമുള്ള ലളിതമായ ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കാം. ഈ വിഭാഗത്തില്‍ ആദ്യമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടേത് കാര്യമായി പരിശോധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

3. 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ വലിയ പിഴ ഈടാക്കും. 2018 ഡിസംബര്‍ 31ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ 5000 രൂപയായിരിക്കും പിഴ. അതും കഴിഞ്ഞാല്‍ പിഴ സംഖ്യയും വര്‍ദ്ധിക്കും. എന്നാല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്കുള്ള പിഴ 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

4. രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്കീം അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്ക് 2018-19 അസസ്മെന്റ് ഇയര്‍ മുതല്‍ ആദായ നികുതി ഇളവ് ലഭിക്കില്ല. 2012-13 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

5. 50,000 രൂപയോ അതിന് മുകളിലോ വാടക നല്‍കുന്നവര്‍ അതിന്റെ അഞ്ച് ശതമാനം ടി.ഡി.എസ് പിടിയ്ക്കണം. വാടക ഇനത്തില്‍ വലിയ വരുമാനമുണ്ടാക്കുന്നവരെ നികുതി വലയില്‍ ഉള്‍പ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. 2017 ജൂണ്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

6. പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാനും ആധാറോ അല്ലെങ്കില്‍ ആധാര്‍ എന്‍റോള്‍മെന്റ് നമ്പറോ ആവശ്യമാണ്.

7. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് (എന്‍.പി.എസ്)ഭാഗികമായി പിന്‍വലിക്കുന്ന പണത്തിന് നികുതി അടയ്ക്കേണ്ടതില്ല. പെന്‍ഷനാകുന്നതിന് മുമ്പ് അത്യാവശ്യ ഘട്ടങ്ങളില്‍ 25 ശതമാനം വരെ തുക പിന്‍വലിക്കാനാണ് അനുവാദമുള്ളത്.