സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഏജന്‍സികളുടെ പിടിയിലാവാത്ത ജീവനക്കാരില്‍, തട്ടിപ്പുകാരെ സഹായിച്ചെന്ന് സംശയമുള്ളവരെയാണ് സസ്പെന്റ് ചെയ്തത്. ഇവരുടെ പട്ടിക ബാങ്ക് അധികൃതര്‍ ധനകാര്യ മന്ത്രാലയത്തിന് കൈമാറി. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകളുടെ ഭാഗമായി ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശിഖ ശര്‍മ്മ ഇന്ന് ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ നിന്ന് 60 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതിന് ശേഷമാണ് ബാങ്കിന്റെ വിവിധ ശാഖകള്‍ സര്‍ക്കാറിന്റെ നിരീക്ഷണത്തിലായത്. തുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ആക്സിസ് ബാങ്ക് ചുമതലപ്പെടുത്തിട്ടുണ്ട്. ബാങ്കിലെ 55,000ലധികം വരുന്ന ജീവനക്കാരുടെ കഠിനാധ്വാനം നിശ്പ്രഭമാക്കുന്നത് ഏതാനും ചിലരാണെന്ന് ശിഖ ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന് കൂട്ടുനിന്നെന്ന് സംശയിക്കപ്പെടുന്ന ജീവനക്കാരുടെ വിവരം ബാങ്ക് തന്നെ സര്‍ക്കാറിന് കൈമാറിയത്.