ദില്ലി: രാജ്യത്ത് കള്ളപ്പണം നടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മൂന്നു ലക്ഷം രൂപയ്ക്കു മേലുള്ള പണം കൈമാറ്റം നിരോധിക്കണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ. വ്യക്തികള്‍ കൈവശംവയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കണമെന്നും ജസ്റ്റിസ് എം.ബി. ഷാ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം കൈമാറ്റം സംബന്ധിച്ചു നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു ലക്ഷത്തിനു മേലുള്ള തുക പണമായി കൈമാറുന്നതു കുറ്റകരമായി കണക്കാക്കണം. നിശ്ചയിക്കപ്പെട്ടിരിക്കുന്ന 15 ലക്ഷം എന്ന പരിധിക്കു മേല്‍ പണം സൂക്ഷിക്കുന്നതിന് ഇന്‍കം ടാക്സ് കമ്മിഷണറുടെ അനുമതി വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കള്ളപ്പണത്തിന്റെ കൈമാറ്റത്തില്‍ ഏറിയ പങ്കും നടക്കുന്നതു പണത്തിന്റെ രൂപത്തിലാണെന്നും അതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളും കോടതിയുടേതടക്കമുള്ള നിരീക്ഷണങ്ങളും കണക്കിലെടുത്താണ് ശുപാര്‍ശകളെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.