ദില്ലി: മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിനുളള അന്തിമ രൂപരേഖ ഈ മാസം അവസാനത്തോടെ തയ്യാറാകുമെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ജനുവരി എട്ടിന് അവസാനിക്കുന്ന സമ്മേളന കാലയളവില്‍ തന്നെ ലയന പദ്ധതി പാര്‍ലമെന്‍റില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയുടുന്നത്. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ലയനത്തിനായി സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതി മൂന്ന് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് വിശദമായി പരിശോധിക്കും. ഓഹരി വിപണിയുടെ കൈമാറ്റം സംബന്ധിച്ച വിശദാംശങ്ങളും പ്രൊമോട്ടറില്‍ നിന്നുളള മൂലധന ആവശ്യകത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിശദമാക്കുന്ന പദ്ധതി രേഖയാണ് തയ്യാറാകുന്നത്. 

ലയന ശേഷം രൂപീകൃതമാകുന്ന ബാങ്കിന് 14.82 ലക്ഷം കോടിയുടെ സംയോജിത ബിസിനസ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എസ്ബിഐ, ഐസിഐസിഐ എന്നിവയ്ക്ക് പിന്നില്‍ മൂന്നാമത്തെ വലിയ ബാങ്കായിരിക്കും രൂപീകൃതമാകുന്നത്. ഈ ബാങ്കിന് 5.71 ശതമാനം നിഷ്ക്രിയാസ്തിയാകും ഉണ്ടാകുക. 

കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖല ബാങ്കുകളുടെ ലയന നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ലയിപ്പിച്ചിരുന്നു. ആഗോള തലത്തിലെ ബാങ്കുകളെ പോലെ കരുത്തുറ്റ സുസ്ഥിരമായ ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലയത്തിലൂടെ രൂപീകൃതമാകുന്ന ബാങ്കിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് മൂലധന സഹായമുണ്ടാകും.