എട്ട് കോടിയിലധികം റിട്ടേണുകള്‍ പ്രോസസ്സ് ചെയ്തുകഴിഞ്ഞെങ്കിലും സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ ബാക്കിയുള്ളവ വൈകുകയാണ്.

2025-26 അസസ്മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയലിംഗ് നടപടികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടും അന്‍പത് ലക്ഷത്തിലധികം നികുതിദായകര്‍ക്ക് ഇനിയും റീഫണ്ട് ലഭിച്ചില്ല. എട്ട് കോടിയിലധികം റിട്ടേണുകള്‍ പ്രോസസ്സ് ചെയ്തുകഴിഞ്ഞെങ്കിലും സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ ബാക്കിയുള്ളവ വൈകുകയാണ്.

ആദായനികുതി വകുപ്പിന്റെ ജനുവരി 11 വരെയുള്ള കണക്കുകള്‍ പ്രകാരം 2025-26 അസസ്മെന്റ് വര്‍ഷത്തില്‍ 8.8 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ഇതില്‍ 8.68 കോടി റിട്ടേണുകള്‍ വെരിഫൈ ചെയ്യുകയും 8.15 കോടി എണ്ണം പ്രോസസ്സ് ചെയ്യുകയും ചെയ്തു. എന്നാല്‍ 53 ലക്ഷത്തോളം റിട്ടേണുകള്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഇതില്‍ ഭൂരിഭാഗവും റീഫണ്ട് ക്ലെയിം ചെയ്തിട്ടുള്ളവയാണ്.

പരിശോധന കര്‍ശനമാക്കി

നികുതി റിട്ടേണുകളിലെ പരിശോധന കര്‍ശനമാക്കിയതാണ് റീഫണ്ട് വൈകാനുള്ള പ്രധാന കാരണമെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ തുക റീഫണ്ട് ആവശ്യപ്പെട്ടിട്ടുള്ള റിട്ടേണുകളും അസ്വാഭാവികമായ കണക്കുകളുള്ളവയും ആദായനികുതി വകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. എഐഎസ് , ഫോം 26എഎസ് എന്നിവയിലെ വിവരങ്ങളുമായി റിട്ടേണിലെ കണക്കുകള്‍ക്ക് പൊരുത്തക്കേടുണ്ടോ എന്ന് ഓട്ടോമേറ്റഡ് സംവിധാനം വഴി പരിശോധിക്കുന്നതും കാലതാമസത്തിന് ഇടയാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഡാറ്റ അനലിറ്റിക്‌സ് സംവിധാനമുപയോഗിച്ച് വരുമാനത്തിലെ വ്യത്യാസങ്ങള്‍, ടാക്‌സ് ക്രെഡിറ്റിലെ മാറ്റങ്ങള്‍ എന്നിവ കൃത്യമായി കണ്ടെത്താന്‍ വകുപ്പിന് സാധിക്കുന്നുണ്ട്. സംശയകരമായ റിട്ടേണുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കുന്നതിനായി മാറ്റിവെക്കുന്നതും നടപടികള്‍ വൈകിപ്പിക്കുന്നു.

വിദേശ വരുമാനവും 'നഡ്ജ്' പദ്ധതിയും

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ 'നഡ്ജ്' പദ്ധതിയുടെ രണ്ടാം ഘട്ടവും റീഫണ്ട് വൈകുന്നതിന് കാരണമായിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ വിദേശ വരുമാനമോ ആസ്തികളോ വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ വിദേശ വിവര കൈമാറ്റ സംവിധാനത്തിലെ വിവരങ്ങള്‍ വകുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 28 മുതല്‍ നികുതിദായകര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള റിട്ടേണുകള്‍ അതീവ ജാഗ്രതയോടെയാണ് പരിശോധിക്കുന്നത്.

റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി രണ്ട് തവണ നീട്ടിനല്‍കിയതും സെപ്റ്റംബറിലുണ്ടായ തിരക്കും ഓട്ടോമേറ്റഡ് സംവിധാനത്തിന് വെല്ലുവിളിയായി. ബാങ്കുകളും തൊഴിലുടമകളും നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് സിസ്റ്റം അലേര്‍ട്ടുകള്‍ ലഭിക്കുന്നതും നടപടികള്‍ വൈകിക്കുന്നു.

വൈകിയവര്‍ക്ക് 'അപ്‌ഡേറ്റഡ് റിട്ടേണ്‍'

റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി 2025 ഡിസംബര്‍ 31-ന് അവസാനിച്ചെങ്കിലും 'അപ്‌ഡേറ്റഡ് റിട്ടേണ്‍' സമര്‍പ്പിക്കാന്‍ അവസരമുണ്ട്. 139(8എ) വകുപ്പ് പ്രകാരം അസസ്മെന്റ് വര്‍ഷം കഴിഞ്ഞ് 48 മാസത്തിനുള്ളില്‍ ഇത് ഫയല്‍ ചെയ്യാം. വരുമാനം വിട്ടുപോയവര്‍ക്കും തെറ്റുകള്‍ തിരുത്തേണ്ടവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. എന്നാല്‍ അപ്‌ഡേറ്റഡ് റിട്ടേണ്‍ വഴി റീഫണ്ട് ക്ലെയിം ചെയ്യാനോ തുക വര്‍ദ്ധിപ്പിക്കാനോ സാധിക്കില്ല. കൂടാതെ നികുതിയുടെ 50 ശതമാനം വരെ പിഴയും പലിശയും നല്‍കേണ്ടി വരും. റെയ്ഡ്, സര്‍വ്വേ നടപടികള്‍ നേരിടുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.

റീഫണ്ട് ലഭിക്കാത്തവര്‍ ആദായനികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സ്റ്റാറ്റസ് പരിശോധിക്കണം. ബാങ്ക് അക്കൗണ്ട് വാലിഡേഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വകുപ്പില്‍ നിന്നുള്ള ഇമെയില്‍, എസ്എംഎസ് സന്ദേശങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയും ചെയ്യുന്നത് റീഫണ്ട് വേഗത്തിലാക്കാന്‍ സഹായിക്കും