ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കാന്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അനുമതി നല്‍കി. സ്വകാര്യ സ്ഥാപനങ്ങളുടെ ഉപകരണങ്ങളും അവരുടെ ജീവനക്കാരെയും ഉപയോഗിച്ച് ആധാര്‍ ബന്ധിപ്പിക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറിനകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് നിബന്ധനകളില്‍ ഇളവ് നല്‍കിയരിക്കുന്നതെന്നാണ് ഔദ്ദ്യോഗിക വിശദീകരണം.

ആധാര്‍ ബന്ധിപ്പിക്കുന്നതിന് ആവശ്യമായത്ര ഉപകരണങ്ങളും ജീവനക്കാരുമില്ലാത്തത് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ബാങ്കുകള്‍ ഇളവ് ചോദിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാന്‍ അനുമതി നല്‍കിയത്. ഇത്തരം ഏജന്‍സികളുടെ സഹായത്തോടെ നടക്കുന്ന നടപടികള്‍ക്ക് ബാങ്കുകള്‍ മേല്‍നോട്ടം വഹിക്കണമെന്നും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആധാര്‍ ബന്ധിപ്പിക്കലിന് ബാങ്കുകള്‍ സ്വന്തം സംവിധാനവും ജീവനക്കാരെയും മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ഇതുവരെയുള്ള നിര്‍ദ്ദേശം.