രാജ്യത്തെ സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനമാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ എച്ച്ഡിഎഫ്‌സി, കൊട്ടാക്ക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയും വായ്പ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ .15 ശതമാനം ഇളവാണ് ബാങ്കുകള്‍ വരുത്തിയിരിക്കുന്നത്. ഇതസനുസരിച്ച് എസ്ബിഐ ഭവന വായ്പയുടെ കുറഞ്ഞ പലിശ നിരക്ക് 9.10 ശതമാനവും ഐസിഐസിഐ ബാങ്കിന്‍േറത് 9.15 ശതമാനവുമായി കുറഞ്ഞു. സ്ത്രീകള്‍ക്കാണ് ഈ നിരക്കില്‍ വായ്പ ലഭ്യമാവുക. മറ്റുള്ളവര്‍ക്ക് 9.20 ശതമാനം മുതലാണ് പലിശ. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കം പലിശ നിരക്കിലെ ഇളവ് ലഭിക്കും. പുതിയ നിരക്കില്‍ 50 ലക്ഷം രൂപയുടെ ഭവന വായ്പ എസ്ബിഐയില്‍ നിന്ന് എടുക്കുന്നയാള്‍ക്ക് 30 വര്‍ഷ കാലാവധിയില്‍ രണ്ട് ലക്ഷം രൂപ ലാഭിക്കാം. തിരിച്ചടവില്‍ പ്രതിമാസം 542 രൂപ കുറവുണ്ടാകുമെന്നാണ് ബാങ്കിന്റെ വിശദീകരണം.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ ഇളവ് വരുത്തി ഒരു മാസത്തിന് ശേഷമാണ് പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറായത്. റിപ്പോ നിരക്ക് ആറ് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയിട്ടും പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്ത ബാങ്ക് നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പലിശ നിരക്ക് കുറച്ചതിനൊപ്പം വായ്പ നടപടിക്രമങ്ങളിലെ നിരക്കിലും ബാങ്കുകള്‍ ഇളവ് വരുത്തിയിട്ടുണ്ട്.