ഏകദേശം 2.8 ലക്ഷം കോടി രൂപ എഴുതിത്തള്ളിയേക്കും 

ദില്ലി: 2019 ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഏകദേശം 40 മില്യണ്‍ ഡോളര്‍ (2.8 ലക്ഷം കോടി രൂപ) കാര്‍ഷിക കടങ്ങളുടെ ഗണത്തില്‍ എഴുതിത്തള്ളാനുളള സാധ്യത രാജ്യത്ത് നിലനില്‍ക്കുന്നതായി യുഎസ് ബാങ്ക്. യുഎസ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലഞ്ചിന്‍റേതാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്. ഇന്ത്യയിലെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഈ നടപടി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ കര്‍ഷകരുടെ 34,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. രണ്ട് ലക്ഷം രൂപ വരെയുളള കാര്‍ഷിക കടങ്ങളാണ് സര്‍ക്കാര്‍ ഇതിനായി പരിഗണിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നെല്ല് അടക്കമുളള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങ് വില വലിയ തോതില്‍ ഉയര്‍ത്തിയിരുന്നു. 

ജിഡിപിയുടെ 1.5 ശതമാനത്തിന് തുല്യമായ തുകയാവും കാര്‍ഷിക കടങ്ങളായി എഴുതിമാറ്റാന്‍ സാധ്യത കാണുന്നതെന്നാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. കാര്‍ഷിക മേഖലയുടെ വരുമാനം 2018 -20 സാമ്പത്തിക വര്‍ഷങ്ങളില്‍ മൂന്ന് ശതമാനം വരെ ഉയരാന്‍ ഇത്തരം നടപടികള്‍ സഹായകരമാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നയപരിപാടിയാണ്.