ദില്ലി: പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കുന്ന ബില്‍ ഇന്ന് ലോക്സഭ പാസാക്കി. രാജ്യസഭ കൂടി പാസ്സാക്കി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ പഴയ നോട്ടുകളിന്മേല്‍ സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും ഉണ്ടായിരുന്ന ബാധ്യതകള്‍ അവസാനിക്കും. ഇത്തരം നോട്ടുകള്‍ വൈവശം വെയ്ക്കുന്നതിന് പുറമേ, മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതും സ്വീകരിക്കുന്നതുമെല്ലാം കുറ്റകരമായി മാറും.

നോട്ട് പിന്‍വലിച്ച നടപടി ധാര്‍മ്മികമായി ശരിയായിരുന്നെന്നാണ് ബിലിന്മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടിയായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പാര്‍ലമെന്റില്‍ പറഞ്ഞത്. എട്ടു ലക്ഷത്തോളം ബാങ്ക് നിക്ഷേപം വരുമാനവുമായി യോജിക്കാത്ത വ്യക്തികളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ കൈവശം വെയ്ക്കുന്നവരില്‍ നിന്ന് 10,000 രൂപയോ കൈവശമുള്ള നോട്ടുകളുടെ മൂല്യത്തിന്റെ പത്തിരട്ടിയോ പിഴയീടാക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 500ന്റെയോ 1000ന്റെയോ 10ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെയ്ക്കുന്നതാണ് കുറ്റകരമായി കണക്കാക്കുക.