ദില്ലി: ജനുവരി മുതല്‍ രാജ്യത്ത് സ്വർണാഭാരണങ്ങള്‍ക്ക് ഹോൾമാർക്കിങ്ങും കാരറ്റ് മൂല്യവും നിർബന്ധമാക്കുന്നതോടെ മൂന്ന് നിലവാരങ്ങളിലുള്ള സ്വര്‍ണ്ണ മാത്രമാവും വില്‍ക്കപ്പെടുക. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മാത്രമെ പിന്നീട് സ്വര്‍ണ്ണം ജ്വല്ലറികളിലൂടെ വില്‍ക്കാനാവൂ. നിലവില്‍ ഇത്തരം നിബന്ധനയില്ല. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാകുന്നതോടെ ആഭരണങ്ങളുടെ ഗുണമേന്മ ഉറപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും

രാജ്യത്തെ ഉൽപന്നങ്ങളുടെഗുണമേന്മാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഹോൾമാർക്ക് നൽകുന്നത്. പുതിയ നിയമം ജനുവരി മുതല്‍ പ്രബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉപഭോക്തൃകാര്യമന്ത്രി റാംവിലാസ് പാസ്വാൻ ബി.ഐ.എസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബി.ഐ.എസ് മുദ്രയ്ക്കൊപ്പം ആഭരണം എത്ര കാരറ്റാണെന്നു കൂടി രേഖപ്പെടുത്തണമെന്നാണ് പുതിയ വ്യവസ്ഥ.