ഭോപ്പാൽ: കേന്ദ്രസർക്കാറിന്‍റെ പുതിയ നികുതി പരിഷ്കാരം ജി.എസ്.ടി എന്താണെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി. മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് ധ്രുവിന്‍റേതാണ് ഈ തുറന്നു പറച്ചില്‍. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി ബി.ജെ.പി സംഘടിപ്പിച്ച പൊതു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
തനിക്ക് ജി.എസ്.ടി എന്താണെന്ന് മനസിലായിട്ടില്ല. അതുകൊണ്ട് ജി.എസ്.ടിയെ സംബന്ധിച്ച് സംസാരിക്കുന്നില്ല. ചാർട്ടേർഡ് അക്കൗണ്ടുമാർക്കും വ്യാപാരികൾക്കും ഇതിനെ കുറിച്ച് ധാരണയില്ല. പലരും ജി.എസ്.ടിയെ കുറിച്ച് മനസിലാക്കി വരുത്തതേയുളളുവെന്നും ധ്രുവ് പറഞ്ഞു.
നേരത്തെ ജി.എസ്.ടിയെ സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജി.എസ്.ടിയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരുന്നു.
