വണ്‍ടൈം സ്പെക്ട്രം ചാര്‍ജിനത്തിലാണ് വോഡഫോണ്‍ 4700 കോടി നല്‍കാനുള്ളത്.
ദില്ലി: ഐഡിയ-വോഡഫോണ് ലയനം മുന്നിശ്ചയിച്ച പ്രകാരം ജൂണ് 30ന് പൂര്ത്തിയാകില്ലെന്ന് സൂചന. സ്പെക്ട്രം ഫീസിനത്തില് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് വോഡഫോണ് നല്കാനുള്ള 4700 കോടി ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്കാന് സര്ക്കാര് തീരുമാനിച്ചു. ഈ പണം നല്കിയ ശേഷം മാത്രം മതി ലയനമെന്ന നിലപാടിലാണ് സര്ക്കാര്.
വണ്ടൈം സ്പെക്ട്രം ചാര്ജിനത്തിലാണ് വോഡഫോണ് 4700 കോടി നല്കാനുള്ളത്. വോഡഫോണിന് കീഴിലുണ്ടായിരുന്ന നാല് ഉപസ്ഥാപനങ്ങള് ലയിച്ചപ്പോഴുണ്ടായ കുടിശികയാണിത്. ഇത് പൂര്ണ്ണമായി അടച്ചുതീര്ക്കുകയോ അല്ലെങ്കില് ബാങ്ക് ഗ്യാരന്റി നല്കുകയോ വേണമെന്നാണ് സര്ക്കാര് അറിയിച്ചത്. വോഡഫോണ് ഈസ്റ്റ്, വോഡഫോണ് സൗത്ത്, വോഡഫോണ് സെല്ലുലാര്, വോഡഫോണ് ഡിജി ലിങ്ക് എന്നിവ ചേര്ത്ത് 2015ലാണ് വോഡഫോണ് ഇന്ത്യ എന്ന പേരില് പുതിയ കമ്പനിനിയ്ക്ക് രൂപം നല്കിയത്. ഈ സമയത്ത് സ്പെക്ട്രം ചാര്ജ്ജ് ഇനത്തില് 6678 കോടിയാണ് നല്കാനുണ്ടായിരുന്നത്. ഇത് കമ്പനി കോടതിയില് ചോദ്യം ചെയ്തു. ഉത്തരവ് അനുസരിച്ച് 2000 കോടി മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളത്.
നേരത്തെയുണ്ടായിരുന്ന കുടിശിക വോഡഫോണില് നിന്ന് പിരിച്ചെടുത്ത ശേഷം മാത്രം ലയനം അനുവദിച്ചാല് മതിയെന്ന നിയമോപദേശമാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. 4700 കോടിയോളം രൂപ വരും ഇത്. ഇതേയിനത്തില് ഐഡിയ 2100 കോടിയും നല്കാനുണ്ട്. ഇതും പൂര്ത്തീകരിക്കണം.വോഡഫോണും ഐഡിയയും ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ജൂണ് 30ന് സ്ഥാപിക്കുമെന്ന അവകാശവാദം ഇനി എത്രത്തോളം പൂര്ത്തീകരിക്കാന് കഴിയുമെന്ന സംശയമാണ് ഉയരുന്നത്.
