നിർമ്മിച്ച് പാക്ക് ചെയ്ത ബ്രാൻഡഡ് ഉമിക്കരിയെക്കുറിച്ച് യുവ സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.  

കണ്ണൂര്‍: ടൂത്ത് പേസ്റ്റുകളുടെ മത്സരത്തിനിടയിൽ കേരളത്തിന്റെ സ്വന്തമായ ഉമിക്കരിയെ വൻകിട ബ്രാൻഡ് ആക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ സ്വദേശികളായ രണ്ടുപേർ. മുദ്ര ലോൺ ഉപയോഗിച്ച് തുടങ്ങിയ സംരംഭത്തിന് പ്രധാനമന്ത്രിയുടെ പ്രശംസയും സഹോദരങ്ങളായ ഇവരെത്തേടിയെത്തി. മുദ്രാലോൺ ഉപയോഗിച്ച് വിജയകരമായ സംരംഭങ്ങൾ തുടങ്ങിയ രാജ്യത്തെ 110 പേരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചയിലും ഇവർക്ക് പങ്കെടുക്കാനായി.

ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം പല്ലുതേക്കാനായി പഴയശീലമായ ഉമിക്കരി തിരഞ്ഞതാണ് ഉമിക്കരിയെ ബ്രാൻഡ് ആക്കി മാറ്റുന്നതിലേക്ക് സിജേഷിനെയെത്തിച്ചത്. കുരുമുളകും ഗ്രാമ്പുവുമടക്കം ചേർത്ത ഉമിക്കരി സംരംഭമാക്കി വളർത്തുന്ന കാര്യം സിജേഷ്, സംരംഭകരെ സഹായിക്കുന്ന കണ്ണൂരിലെ വാട്സാപ്പ് കൂട്ടായ്മയിൽ പങ്കുവെച്ചു. കേരള ഗ്രാമീൺബാങ്കിൽ നിന്ന് എട്ടര ലക്ഷം രൂപ വായ്പ്പയെടുത്ത് സഹോദരൻ ധനേഷിനും അഞ്ച് ജീവനക്കാർക്കുമൊപ്പം മുഴുവൻ സമയ സംരംഭമാണ് ഇന്ന് ഉമിക്കരി നിർമ്മാണം.

നിർമ്മിച്ച് പാക്ക് ചെയ്ത ബ്രാൻഡഡ് ഉമിക്കരിയെക്കുറിച്ച് യുവ സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുദ്ര ലോൺ എടുത്ത് വിജയം കണ്ട രാജ്യത്ത 110 സംരംഭകരുമായുള്ള കൂടിക്കാഴ്ച്ചയിൽ കേരളത്തിൽ നിന്നുള്ള നാല് സംരംഭകർക്കൊപ്പമാണ് ഇവർക്കും അവസരം കിട്ടിയത്. നിലവിൽ കണ്ണൂരിൽ വിതരണം ചെയ്യുന്ന ഉമിക്കരിയുടെ വിപണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇവർ. സംരംഭകരെ സഹായിക്കാനുള്ളവരുടെ കൂട്ടായ്മകൾ വളർത്തിയെടുത്താൽ മുദ്രലോൺ പോലെ സർക്കാർ പദ്ധതികൾ കൂടുതൽ പേരിലേക്കെത്താനാകുമെന്ന് പറയുന്നു ഇരുവരും.