കൊച്ചി: കേന്ദ്രബജറ്റിന് ഇനി നാല് ദിവസം. നോട്ടസാധുവാക്കല്‍ സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള പദ്ധതികള്‍ അരുണ്‍ ജെയ്റ്റിലി ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ചരിത്രത്തില്‍ ആദ്യമായി റെയില്‍വെ ബജറ്റും കേന്ദ്രബജറ്റിനൊപ്പം അവതരിപ്പിക്കും. പതിവില്‍ നിന്ന് വിപരീതമായി ഒരു മാസം മുമ്പാണ് കേന്ദ്രബജറ്റ് എത്തുന്നത്. 92 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി റെയില്‍വെ ബജറ്റും ഉള്‍പ്പെടുത്തി ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി കേന്ദ്രബജറ്റ് അവതരിപ്പിക്കും.
പ്രതിരോധം, പാത നിര്‍മാണ വിഹിതം എന്നിവ റെയില്‍വെയേക്കാള്‍ കൂടിയ സാഹചര്യത്തിലാണ് റെയില്‍വെ ബജറ്റ് ഒഴിവാക്കിയത്. എന്നാല്‍ ജെയ്റ്റിലിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി നോട്ടു പ്രതിസന്ധി സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം എങ്ങിനെ മറികടക്കാം എന്നതാണ്. നോട്ടസാധുവാക്കിലിന് ശേഷം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയ സാഹചര്യത്തില്‍ ജനക്ഷേമ പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
പാവപ്പെട്ടവര്‍ക്കും കാര്‍ഷിക മേഖലയ്‌ക്കുമൊപ്പം മധ്യവര്‍ഗ്ഗത്തെയും തൃപ്തിപ്പെടുത്താനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ആദായനികുതി പരിധി നാല് ലക്ഷം വരെയെങ്കിലുമായി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഒപ്പം വ്യവസായിക മേഖലയിലെ തളര്‍ച്ച മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും ബജറ്റില്‍ ഇടംപിടിക്കും. ചരക്ക് സേവന നികുതി അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാകാനിരിക്കുന്ന സാഹചര്യത്തില്‍ നികുതിഘടനയിലും പൊളിച്ചെഴുത്തുണ്ടായേക്കും. സ്വപ്നങ്ങളും ആശ്വസ പദ്ധതികളും അടച്ച് വച്ചിരിക്കുന്ന ജെയ്റ്റിലിയുടെ പെട്ടി തുറക്കാന്‍ ഇനി നാലു നാള്‍. കാത്തിരിക്കാം.
