മുംബൈ: നരേന്ദ്രമോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നേരത്തെ പ്രഖ്യാപിച്ചതിലും ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാവും. 508 കി.മീ നീളമുള്ള ബുള്ളറ്റ് റെയില്‍ ട്രാക്കിന്റെ നിര്‍മ്മാണ ഈ വരുന്ന ജൂലൈയില്‍ ആരംഭിക്കുവാനാണ് അധികൃതരുടെ ശ്രമം.
2023 ആഗസ്റ്റ് 15-ന് ബുള്ളറ്റ് പാതയിലൂടെ ബുള്ളറ്റ് ട്രെയിന്‍ ഓടി തുടങ്ങുമെന്നായിരുന്നു തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വതന്ത്ര്യഇന്ത്യയുടെ 75-ാം വാര്‍ഷികമായ 2022 ആഗസ്റ്റ് 15-ല്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
പദ്ധതിക്ക് വേണ്ടിയുള്ള ഭൗമ-സാങ്കേതിക പരിശോധനകളെല്ലാം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാന്ദ്ര-കുര്‍ള കോപ്ലക്‌സിനോട് ചേര്‍ന്ന് കടലിനടയിലൂടെ നിര്‍മ്മിക്കേണ്ട തുരങ്കത്തിന് വേണ്ടിയുള്ള ആദ്യഘട്ട പരിശോധനകളും ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു.508 കി.മീ നീളമുള്ള അതിവേഗ പാതയുടെ 21 കിമീ ഭാഗം ഭൂമിക്കടിയിലൂടെയാണ് കടന്നു പോവുന്നത്, അതില്‍ 7 കിമീ പൂര്‍ണമായും കടലിനടിയിലൂടെയാണ്.
