ദില്ലി: പുതിയ വ്യോമയാന നയത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പുതിയ വിമാന സര്‍വീസ് തുടങ്ങുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും ഇരുപത് വിമാനങ്ങവേണമെന്ന ചട്ടം എടുത്തുകളയും. കേരള സര്‍ക്കാറിന്റ എയര്‍ലൈന്‍ പദ്ധതിയായ എയര്‍ കേരളയ്ക്ക് ഏറെ ഗുണംചെയ്യുന്ന തീരുമാനമാണിത്.
അഞ്ചു വര്‍ഷത്തെ പരിചയവും 20 വിമാനങ്ങളുമെന്ന നിയമം എയര്‍കേരള പദ്ധതി അവസാനിച്ച മട്ടിലായിരുന്നു. ഇതിന് ഇളവുവേണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വ്യോമയാന നയത്തില്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മണിക്കൂര്‍വരെയുള്ള വിമാനയാത്രയ്ക്ക് പരമാവധി അടിസ്ഥാന നിരക്ക് 2500 രൂപയും അര മണിക്കൂര്‍വരെയുള്ള യാത്രയ്ക്ക് 1200 രൂപയുമാക്കി നിജപ്പെടുത്തും. അധിക ബാഗേജിന് ഈടാക്കുന്ന നിരക്ക് കുറയ്ക്കാന്‍ നയം നിര്‍ദ്ദേശിക്കുന്നു. റീഫണ്ട് കിട്ടാനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കാനും പതിനഞ്ച് ദിവസത്തിനുള്ളില്‍ റീഫണ്ട് തുക ലഭ്യമാക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു.
